പ്രശസ്ത ഹോളിവുഡ് നടനും ഓസ്‌കര്‍ ജേതാവുമായ മോര്‍ഗന്‍ ഫ്രീമാനെതിരേ ലൈംഗികാരോപണവുമായി എട്ട് സ്ത്രീകള്‍. ഫ്രീമാന്റെ നിര്‍മാണക്കമ്പനിയായ റിവലേഷന്‍സ് എന്റര്‍ടെയ്ന്‍മെന്റിലെ ജോലിക്കാര്‍ അടക്കമുള്ള സിനിമാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമാണ് ആരോപണവുമായി രംഗത്ത് വന്നത്.  

'ദൈവത്തിന്റെ ശബ്ദം' എന്നറിയപ്പെടുന്ന ഫ്രീമാനെതിരേയുള്ള ആരോപണം ഹോളിവുഡ് സിനിമയില്‍ കടുത്ത ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. അയാള്‍ ദൈവത്തിന്റെ ശബ്ദമല്ലെന്നും വൃത്തിക്കെട്ട അമ്മാവനാണെന്നും ഒരു സ്ത്രീ ആരോപിച്ചു. 

ഫ്രീമാന്‍ അഭിനയിച്ച 'ഗോയിംഗ് ഇന്‍ സ്‌റ്റൈല്‍' എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി ജോലി ചെയ്ത യുവതി ആരോപിച്ചിരിക്കുന്നത് മാസങ്ങളോളം ഫ്രീമാന്റെ പീഡനം താന്‍ അനുഭവിച്ചു എന്നാണ്.  ഫ്രീമാന്‍ തന്റെ ശരീരത്തെ മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നും ശരീരഘടനയെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും മോശം വാക്കുകള്‍ പറയാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. ''എന്റെ വസ്ത്രം അയാള്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഞാന്‍ അടിവസ്ത്രം ധരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു അത്തരത്തില്‍ ചെയ്തത്.''

2012ല്‍ പുറത്തെത്തിയ 'നൗ യു സീ മീ' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകയായ യുവതിയാണ് ആരോപണവുമായി രംഗത്ത് വന്ന മറ്റൊരാള്‍. തന്നോടും മറ്റൊരു സഹപ്രവര്‍ത്തകയോടും ഏറെ മോശമായാണ് ഫ്രീമാന്‍ പെരുമാറിയതെന്ന് പറയുന്നു അവര്‍. ഫ്രീമാന്‍ സെറ്റില്‍ വരുന്ന ദിവസങ്ങളില്‍ ശരീരഭാഗങ്ങള്‍ പൂര്‍ണമായും മൂടുന്ന വസ്ത്രങ്ങള്‍ മാത്രമേ പിന്നീട് ധരിക്കുകയുള്ളായിരുന്നുവെന്നും. സി.എന്‍.എന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

അന്വേഷണത്തിന്റെ ഭാഗമായി ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ പതിനാറ് സ്ത്രീകളോടാണ് ഫ്രീമാനെതിരായ ആരോപണം സംബന്ധിച്ച് സിഎന്‍എന്‍ ആശയവിനിമയം നടത്തിയത്. അവരില്‍ എട്ടുപേര്‍ ഫ്രീമാനില്‍ നിന്നും തങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായതായി തുറന്ന് പറഞ്ഞു. 

സംഭവം വിവാദമായതോടെ ഫ്രീമാന്‍ മാപ്പ് പറഞ്ഞ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. 'എന്നെ അറിയുന്നവര്‍ക്കും ഒപ്പം ജോലി ചെയ്തിട്ടുള്ളവര്‍ക്കുമറിയാം, ഒരാളെയും മനപ്പൂര്‍വ്വം അസ്വസ്ഥമാക്കുന്ന ഒരു പെരുമാറ്റം എന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്ന്. ബോധപൂര്‍വ്വമല്ലാതെ ആര്‍ക്കെങ്കിലും ഞാന്‍ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു- ഫ്രീമാന്‍ വ്യക്തമാക്കി.