malik
കൊച്ചി: ലോക്ഡൗണ്‍ അനിശ്ചിതത്വം തുടരുമ്പോള്‍ തിയേറ്ററുകളുടെ ഭാവി വന്‍പ്രതിസന്ധിയിലാക്കി കൂടുതല്‍ സിനിമകള്‍ ഒ.ടി.ടി. റിലീസിലേക്ക്.
പൃഥ്വിരാജ് നായകനായ 'കോള്‍ഡ് കേസ്' കഴിഞ്ഞദിവസം ഒ.ടി.ടി. റിലീസ് ചെയ്തതിനു പിന്നാലെ ഫഹദ് ഫാസിലിന്റെ 'മാലിക്' എന്ന സിനിമയും ഒ.ടി.ടി. റിലീസ് പ്രഖ്യാപിച്ചു.
കൂടുതല്‍ സിനിമകള്‍ ഓണക്കാലത്ത് ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നതായാണു സൂചന. തിയേറ്ററുകള്‍ എപ്പോള്‍ തുറക്കുമെന്നു പറയാനാകാത്ത സാഹചര്യത്തില്‍ ഒ.ടി.ടി. റിലീസ് പോലുമില്ലെങ്കില്‍ വന്തകര്ച്ചയാകും ഫലമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
'കോള്‍ഡ് കേസ്', 'മാലിക്' എന്നിവ തിയേറ്റര്‍ റിലീസിനായി ശ്രമിച്ചെങ്കിലും നടക്കാതെ പോയതോടെയാണ് നിര്‍മാതാവ് ആന്റോ ജോസഫ് ഒ.ടി.ടി. റിലീസിലേക്കെത്തിയത്. ഇക്കാര്യം കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് അയച്ച കത്തില്‍ ആന്റോ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
തിയേറ്ററുകളുടെ അവസ്ഥ ദയനീയമാക്കുന്നതാണ് ഒ.ടി.ടി. റിലീസുകളെങ്കിലും അത് അംഗീകരിച്ചേ മതിയാകൂ എന്ന നിലപാടിലാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്.
സങ്കടമുണ്ട്, പക്ഷേ
മാലിക് എന്ന സിനിമ തിയേറ്ററില്‍ത്തന്നെ റിലീസ് ചെയ്യാന്‍ ഇത്രയുംനാള്‍ കാത്തിരുന്നതാണ്. സൗണ്ട്, ക്യാമറ, റീ റെക്കോഡിങ്, ആര്‍ട്ട് എന്നിവയിലെല്ലാം അത്ഭുതകരമായ അനുഭവമാണ് ഈ സിനിമ തരുന്നത്. തിയേറ്ററില്‍ അല്ലാതെ റിലീസ് ചെയ്താല്‍ ഇതൊക്കെ പൂര്‍ണമായി അനുഭവിക്കാന്‍ സാധിക്കില്ലെന്നറിയാം. പിടിച്ചുനില്ക്കാന് കഴിയാതെവന്നപ്പോഴാണ് ഏറെ സങ്കടത്തോടെ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
-ആന്റോ ജോസഫ്, നിര്‍മാതാവ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..