ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് സീരീസുകളിലൊന്നായ മണി ഹെയ്സ്റ്റ് അഞ്ചാം സീസൺ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. സെപ്റ്റംബർ 3ന്  മണി ഹെയ്സ്റ്റ് സീസൺ 5 റിലീസിനെത്തുമ്പോൾ‌ ജയ്പൂരിലെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് നൽകിയ സമ്മാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

വെർവ് ലോജിക് എന്ന കമ്പനിയാണ് സെപ്റ്റംബർ മൂന്നിന് സീരീസ് കാണാൻ അവസരമൊരുക്കിക്കൊണ്ട് മുഴുവൻ തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ച് ശ്രദ്ധ നേടുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ കഠിനാധ്വാനം ചെയ്ത തൊഴിലാളികൾക്ക് സമ്മാനമെന്നോണമാണ് ഈ തീരുമാനം. 

'വ്യാജ ലീവ് അപേക്ഷകളും, കൂട്ട അവധികളും, ഫോൺ സ്വിച്ച് ഓഫ് ആകുന്നതും തടയാൻ വേണ്ടി മാത്രമല്ല ഈ തീരുമാനം കൈകൊണ്ടത്, ചില സമയങ്ങളിൽ അവധിയെടുത്ത് ആഘോഷിക്കുന്നത് ജോലിസ്ഥലത്തെ ഊർജത്തിനുള്ള മികച്ച മരുന്ന് കൂടിയാണെന്ന് ഞങ്ങൾക്കറിയാം.'.കമ്പനിയുടെ സിഇഓ അഭിഷേക് ജയ്ൻ പങ്കുവച്ച കത്തിൽ വ്യക്തമാക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VerveLogic (@vervelogicin)

അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നിൽക്കുന്നതോടെയാണ് മണി ഹെയ്സ്റ്റിന്റെ  4-ാമത്തെ സീസൺ അവസാനിച്ചത്. 

സീസൺ 5ന്റെ ആദ്യഭാഗം സെപ്തംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനും റിലീസ് ചെയ്യും. പത്ത് എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹീസ്റ്റിന് അവസാനമാകുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു. സീരീസിലെ ഏറ്റവും സംഘർഭരിതമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ഇന്റലിജൻസിന്റെ പിടിയിൽ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിൻ കൊള്ളയടിക്കാനെത്തുകയും  തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3, 4 സീസണുകളിൽ ചിത്രീകരിച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Netflix India (@netflix_in)

2017-ലാണ് മണി ഹെയ്സ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയിൽ ഒരുക്കിയ ഈ സീരീസ് 'ലാ കാസ ഡി പാപ്പൽ' എന്ന പേരിൽ  ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷൻ നെറ്റ് വർക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്പെയ്നിൽ വൻ പരാജയമായിരുന്നു. അതിനാൽ ഇതിനൊരു തുടർഭാഗം എന്നത് അണിയറപ്രവർത്തകർ ചിന്തിച്ചിരുന്നില്ല. എന്നാൽ നെറ്റ്ഫ്‌ളിക്സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷിൽ ഡബ്ബ് ചെയ്ത് മണി ഹെയ്സ്റ്റ് എന്ന പേരിൽ പുറത്തിറക്കി. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.

2020 ൽ നാലാം സീസണിലെത്തിയപ്പോൾ ലോകത്തിൽ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയിൽ മുൻനിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പൽ.  അതിനാൽ തന്നെ നെറ്റ്ഫ്‌ളിക്സിന്റെ അഭ്യർഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസൺ മുതൽ ബിഗ് ബജറ്റിലാണ് സീരിസ് നിർമിച്ചത്. 

content highlights : Money heist season 5 On september 3 Indian company announces holiday for staff to watch series