വീഡിയോ സ്ട്രീമിങ് ആപ്പായ നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും ജനപ്രിയ വെബ് സീരീസായ മണി ഹീറ്റ്‌സിന്റെ നാലാം സീസണ്‍ റിലീസ് ചെയ്തു. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം ഏപ്രില്‍ 3 നാണ് സീസണ്‍ 4 നെറ്റ്ഫ്‌ളിക്‌സിലെത്തിയത്. 

ഒരു ബാങ്ക് കൊള്ളയുടെ കഥയുമായി വന്നു പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് വന്‍ ഹിറ്റായി മാറിയ സ്പാനിഷ് സീരീസാണ് ലാ കാസ ഡി പാപ്പേല്‍ എന്ന മണി ഹീസ്റ്റ്. സ്പാനിഷ് ചാനലായ ആന്റിന 3യിലൂടെയാണ് 2017 മെയ് 2നാണ് മണി ഹീസ്റ്റ് ആദ്യമായി എയര്‍ ചെയ്യുന്നത്. പിന്നീട് മണി ഹീസ്റ്റിന്റെ ജനകീയത കണ്ട് നെറ്റ്ഫ്‌ലിക്‌സ് അന്താരാഷ്ട്ര വിതരണാവകാശം ഏറ്റെടുക്കുകയായിരുന്നു. 

2017 ഡിസംബര്‍ 25 ന് നെറ്റ്ഫ്‌ളിക്‌സ് അതിന്റെ അന്തര്‍ദേശീയ കാറ്റലോഗില്‍ ഈ പരമ്പര ഉള്‍പ്പെടുത്തി.നെറ്റ് ഫ്‌ളിക്‌സ് ഏറ്റെടുത്തതിന് ശേഷം ആദ്യ സീസണ്‍ 13 എപ്പിസോഡായും രണ്ടാമത്തെ സീസണ്‍ 9 എപിസോഡായും ആകെ 22 എപിസോഡ് ആക്കി മാറ്റി. എട്ട് എപ്പിസോഡുകളുമായി മൂന്നാം സീസണ്‍ 19 ജൂലൈ 2019 ന് റിലീസ് ചെയ്തിരുന്നു. ഉര്‍സുല കോര്‍ബേറോ, അല്‍വാരോ മോര്‍ട്ടെ, പാക്കോ ടൗസ്, ആല്‍ബ ഫ്‌ലോറെസ് എന്നീ അഭിനേതാക്കളുടെ അസാമാന്യ പ്രകടനമാണ് മണി ഹീസ്റ്റിന്റെ വന്‍ ഹിറ്റാക്കി മാറ്റിയത്. 

money heistമറ്റ് രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും മണി ഹീസ്റ്റിന് ഏറെ ആരാധകരുണ്ട്. നാലാം സീസണ്‍ റിലീസ് ചെയ്ത് കുറഞ്ഞ സമയങ്ങള്‍ക്കകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഈ ഹാഷ്ടാഗുകള്‍ വൈറലാണ്. അലെക്‌സ് പീന്യ ആണ് ഈ സീരിസിന്റെ സംവിധാനം. സീരിസിലെ ബെല്ല ചാവോ എന്ന ഇറ്റാലിയന്‍ നാടോടിപ്പാട്ടിനും ഏറെ ആരാധകരുണ്ട്. 

Content Highlights: Money Heist Season 4 Is Now Streaming on Netflix in India