തിരുവനന്തപുരം: ആ പിറന്നാള്‍ ദിനം മോഹന്‍ലാല്‍ മറന്നില്ല. മറക്കുകയുമില്ല. ലോകത്തിന്റെ ഏതു ദിക്കിലായാലും സെപ്തംബര്‍ 23ന് രാവിലെ നടന്‍ മധുവിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലിന്റെ ഫോണ്‍ വന്നിരിക്കും. വര്‍ഷങ്ങളായുള്ള പതിവ് ഈ തവണയും ലാല്‍ തെറ്റിക്കില്ല. 

പക്ഷെ, ഈ വര്‍ഷം പിറന്നാള്‍ മധുരവുമായി രണ്ടു ദിവസം മുമ്പേ മോഹന്‍ലാല്‍ മധുവിന്റെ വീട്ടിലെത്തുകയായിരുന്നു. തിരുവനന്തപുരത്ത് ''ലൂസിഫ റി'ന്റെ ചിത്രീകരണത്തിരക്കുകള്‍ക്കിടയിലും തനിക്ക് ഗുരുതുല്യനായ മധുസാറിനെ കാണാന്‍ ലാല്‍ എത്തിയപ്പോള്‍ മധുവിന്റെ മുഖത്ത് അത്ഭുതമൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ നാല്പതു വര്‍ഷമായി തുടരുന്ന ആ സൗഹൃദത്തിന്റെ ആഴം നന്നായറിയാവുന്നതുകൊണ്ടുതന്നെ തിരുവനന്തപുരത്തുണ്ടെങ്കില്‍ ലാല്‍ വരും, അതിന് പിറന്നാളൊന്നും വരേണ്ട കാര്യമില്ല എന്ന് മധുവിന് ഉറപ്പാണ്.

നീല ഷര്‍ട്ടും ജീന്‍സും ധരിച്ച് നിറഞ്ഞ പുഞ്ചിരിയോടെ 'മധുസാറിന് സ്‌നേഹപൂര്‍വം.. മോഹന്‍ലാല്‍' എന്നെഴുതിയ പിറന്നാള്‍ കേക്കുമായി ഉച്ചയോടെ കണ്ണമ്മൂലയിലുള്ള മധുവിന്റെ വീടായ ശിവഭവനിലേക്ക് മോഹന്‍ലാല്‍ കടന്നുവന്നു. മധുവും മകള്‍ ഉമയും മരുമകന്‍ കൃഷ്ണ കുമാറും ബന്ധുക്കളും ചേര്‍ന്ന് ലാലിനെ സ്വീകരിച്ചു. 

madhu

കപ്പപഴം നല്‍കിയാണ് മധു ലാലിനെ വരവേറ്റത്. പിന്നെ - സ്വീകരണമുറിയിലിരുന്ന് സംസാരം. ''സാറിന് എണ്‍പത്തഞ്ച് വയസ്സ് അല്ലേ...' എന്ന് ലാല്‍ ഒരു കള്ളച്ചിരിയോടെ മധുവിനോടു പറഞ്ഞപ്പോള്‍ ആ ചിരിയില്‍ എല്ലാവരും പങ്കുചേര്‍ന്നു. ലാലിനൊപ്പം ആത്മസുഹൃത്തായ സനില്‍കുമാറും ലാലിന്റെ ഔപ്പമുണ്ടായിരുന്നു. ലാല്‍ കൊണ്ടുവന്ന കേക്ക് മധു മുറിച്ചു. ആദ്യമധുരം ലാലിന്റെ കൈകൊണ്ടുതന്നെ മധുവിന് നല്‍കി. തിരിച്ച് ലാലിനും മധു മധുരം നല്‍കി. പിന്നീട് എല്ലാവരും സ്വീകരണമുറിയില്‍ ഒത്തുചേര്‍ന്നു. വിശേഷങ്ങള്‍ പങ്കുവെച്ചു. 

madhu

1933 സെപ്തംബര്‍ 23ന് കന്നിമാസത്തിലെ ചോതി നക്ഷത്രത്തിലാണ് തിരുവനന്തപുരം മേയറായിരുന്ന കീഴത് - തറവാട്ടില്‍ ആര്‍. പരമേശ്വരന്‍പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി പി. മാധവന്‍ നായര്‍ എന്ന മധു ജനിച്ചത്. ജീവിതത്തിലിന്നേവരെ ഒരു പിറന്നാളും ആഘോഷിക്കാതെപോയ മധുവിന് എണ്‍പത്തിയഞ്ചാം പിറന്നാളിനും ആഘോഷമൊന്നുമില്ല. ''അതിലത്ര വലിയ കാര്യമുള്ളതായി ഇതുവരെ തോന്നിയിട്ടില്ല. എന്റെ കുട്ടിക്കാലത്ത് പിറന്നാള്‍ ദിവസം അമ്മയും അച്ഛനുമൊക്കെ ക്ഷേത്രങ്ങളില്‍ പായസവും മറ്റു വഴിപാടുകളും കഴിച്ചിട്ടുണ്ടാകാം. അല്ലാതെ ഞാനൊരിക്കലും പിറന്നാള്‍ ആഘോഷിച്ചിട്ടില്ല. എങ്കിലും സുഹൃത്തുക്കളുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ ചിലപ്പോള്‍ ഞാനും പങ്കെടുക്കാറുണ്ട്. ജീവിതത്തില്‍ ഇപ്പോള്‍ ഒരു പ്രാര്‍ത്ഥന മാത്രമേയുള്ളൂ. എണ്‍പത്തഞ്ചു വയസ്സായാലും തൊണ്ണൂറു വയസ്സായാലും മറ്റുള്ളവര്‍ക്കു ഒരു ഭാരമാകരുത്. എഴുന്നേല്ക്കാനും നടക്കാനും വയ്യാത്ത അവസ്ഥയിലൂടെ കടന്നുപോകരുത്. ഈശ്വരാധീനംകൊണ്ട് ഈ എണ്‍പത്തഞ്ചാം വയസ്സിലും ചെറുപ്പക്കാരെപ്പോലെ യാത്രചെയ്യാന്‍ കഴിയുന്നുണ്ട്.'' മധുവിന്റെ വാക്കുകള്‍.

''സാര്‍, നമ്മുടെ പടത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലാണ്'' മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലും മധുവും ഒന്നിക്കുന്ന ''കുഞ്ഞാലിമരയ്ക്കാര്‍' നവംബര്‍ പകുതിയോടെ ഷൂട്ടിങ്ങ് ആരംഭിക്കും. മരയ്ക്കാര്‍ ഒന്നാമനായി വേഷമിടുന്നത് മധുവാണ്. 'പടയോട്ടം' എന്ന സിനിമയിലൂടെയാണ് മോഹന്‍ലാലും മധുവുമായുള്ള സൗഹൃദത്തിന്റെ തുടക്കം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അവര്‍ ഒന്നിച്ചു. ''പരിചയപ്പെട്ട കാലംമുതല്‍ മധുസാര്‍ എന്നില്‍ നിറച്ച് - സ്‌നേഹം അദ്ദേഹത്തില്‍നിന്ന് ഇന്നും എനിക്ക് ലഭിക്കുന്നുണ്ട്. നിരവധി ചിത്രങ്ങളില്‍ സാറിന്റെ മകനായി ഞാന്‍ - വേഷമിട്ടിട്ടുണ്ട്. സാറിന്റെ എണ്‍പതാം പിറന്നാള്‍ വേളയില്‍ ഞങ്ങള്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ഗീതാഞ്ജലി'യില്‍ ഒന്നിച്ചു. ഇപ്പോഴിതാ എണ്‍പത്തഞ്ചാം പിറന്നാളിലും പ്രിയന്റെ ചിത്രത്തില്‍ ഞങ്ങള്‍ ഒന്നിക്കുന്നു. അതും ഞങ്ങള്‍ക്ക് ഏറെ ആഹ്ലാദമുളള കാര്യമാണ്.'' മോഹന്‍ലാല്‍ പറഞ്ഞു. 

കോളേജധ്യാപകന്റെ ജോലി രാജിവെച്ച് ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന മധുവിന് നാടകപഠനം നല്‍കിയത് ലോകനാടകവേദിയുടെ സ്പന്ദനങ്ങള്‍ കൂടിയായിരുന്നു. പക്ഷേ, മധുവിനെ നാടകത്തിന് നഷ്ടമായത് സിനിമയ്ക്ക് ഗുണമായിത്തീര്‍ന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് ഇറങ്ങിയ പ്പോള്‍ മധുവിനായി മലയാളത്തിന്റെ വെള്ളിത്തിര വലിച്ചിട്ടു. അതിലൂടെ പി. മാധവന്‍നായര്‍ എന്ന പേര് മാറ്റി മധുവായി അവരോധിക്കപ്പെട്ടു. പിന്നീടുള്ളത് മലയാളസിനിമയുടെ ചരിത്രം. മധുവിന്റെ ചരിത്രമെന്നോ സിനിമ യുടെ ചരിത്രമെന്നോ നമുക്കതിനെ വിളിക്കാം. 

1963ല്‍ പ്രദര്‍ശനത്തിനെത്തിയ എന്‍. എന്‍. പിഷാരടിയുടെ 'നിണമണിഞ്ഞ കാല്പാടുകളി'ലെ പട്ടാളക്കാരന്‍ - സ്റ്റീഫനായി തുടങ്ങിയ ആ അഭിനയ ജീവിതം അമ്പത്തഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ പ്രിയദര്‍ശന്‍-ലാല്‍ ചിത്രമായ കുഞ്ഞാലിമരയ്ക്കാറിലേക്ക്‌ പ്രവേശിക്കുകയാണ്. ഈ കാലത്തിനിടയ്ക്ക് വൈവിധ്യമാര്‍ന്ന വേഷപകര്‍ച്ചകള്‍കൊപ്പം സിനിമയ്ക്ക് മധുവില്‍ നിന്നുണ്ടായ സംഭാവനകള്‍ നിരവധിയാണ്. പാറപ്പുറത്ത്, ബഷിര്‍, തകഴി, ഉറൂബ്, എസ്.കെ പൊറ്റക്കാട്, മലയാറ്റൂര്‍, എം.ടി, തോപ്പില്‍ ഭാസി, കേശവ ദേവ്,

മലയാള സാഹിത്യത്തിലെ മഹാരഥന്‍മാരുടെ അനശ്വര സൃഷ്ടികളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മധുവിനെ പോലെ ഭാഗ്യം ലഭിച്ച മറ്റൊരു നടനില്ല. നിര്‍മാതാവ്, സംവിധായകന്‍,സ്റ്റുഡിയോ ഉടമ തുടങ്ങി സിനിമയുടെ വിവിധ മണ്ഡലങ്ങളില്‍ മധുവിന്റെ കൈയൊപ്പുണ്ട് അതെല്ലാം മലയാള സിനിമയുടെ വളര്‍ച്ചയ്ക്കും ഒരുപാട് ഒരുപാട് ഗുണം ചെയ്തുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല ഇന്നും വിദ്യാര്‍ത്ഥിയുടെ മനസ്സോടെ സിനിമയെ പഠിച്ചും അറിഞ്ഞും നടിച്ചും മുന്നേറുകയാണ് അദേഹം.

ഒരു മണിക്കൂറിലധികം നീണ്ട സൗഹൃദ വര്‍ത്തമാനങ്ങള്‍ക്ക് തിരശ്ശിലയിട്ട്  മധു സാറിനോട് യാത്ര പറയാന്‍ നേരം മോഹന്‍ലാല്‍ പറഞ്ഞു. സര്‍ അങ്ങയുടെ എല്ലാ പിറന്നാളിനും നമ്മള്‍ക്ക് ഇങ്ങനെ ഒത്തു കൂടാന്‍ കഴിയട്ടെ. ലാലിന്റെ വാക്കുകള്‍ക്ക് പുഞ്ചിരി മാത്രമായിരുന്നു മധുവിന്റെ മറുപടി.  ആ പുഞ്ചിരിയില്‍ നിഴലിച്ചത് സ്‌നേഹത്തിന്റെ കടലായിരുന്നു.

madu

ContentHighlights: mohanlal visted actor madhu home for his bday celebration.madhu birthday, madhu and mohanlal, malayalam actor mohan lal, lucifer, kunjali marikkar movie