ഗുരുവായൂർ: അഷ്ടപദിയിലെ ദശാവതാരസ്തുതി കേട്ട് ശംഖാഭിഷേകവും കണ്ട് നടൻ മോഹൻലാൽ ഗുരുവായൂരപ്പനെ വണങ്ങി. നറുനെയ്യും കദളിപ്പഴവും പട്ടും പണവും താമരയും സോപാനത്ത് സമർപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നിന് കണ്ണന്റെ നിർമ്മാല്യവും വാകച്ചാർത്തും തൊഴാൻ എത്തിയതായിരുന്നു മോഹൻലാൽ.

അഭിഷേകം തൊഴുതുനിൽക്കുമ്പോൾ സോപാനശൈലിയിൽ ഗീതഗോവിന്ദത്തിലെ ദശാവതാരസ്തുതി ഉയർന്നത് ലാലിനെ ആകർഷിച്ചു. യുവ സോപാനഗായകൻ രാമകൃഷ്ണയ്യർ പാടിക്കഴിയുന്നതുവരെ കേട്ടുനിന്നു. സമീപമെത്തി അനുമോദിച്ച് ദക്ഷിണ സമർപ്പിച്ചു.

‘‘കുറേക്കാലമായി ഗുരുവായൂരപ്പനെ തൊഴുതിട്ട്. ഇപ്പോൾ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.’’ ദർശനശേഷം മോഹൻലാൽ കൂടെയുണ്ടായിരുന്ന ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ. അജിത്ത്, കെ.വി. ഷാജി എന്നിവരോട് പറഞ്ഞു.

content highlights : Mohanlal visits Guruvayoor Temple