മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ശനിയാഴ്ച ആലപ്പുഴ അര്‍ത്തുങ്കല്‍ കടപ്പുറത്തായിരുന്നു അവസാന ചിത്രീകരണം.

ഷൂട്ടിങ് കഴിഞ്ഞ് നായകനും സംവിധായകനും നിര്‍മാതാവും ഒപ്പം നിന്ന് സെല്‍ഫിയെടുത്താണ് പിരിഞ്ഞത്.

ചിത്രത്തിന്റെ ഡബ്ബിങ് ഞായറാഴ്ച കൊച്ചിയില്‍ ആരംഭിച്ചു. ഓണം റിലീസാണ് ചിത്രം. ഓണത്തിന് ആദ്യമെത്തുന്നു ചിത്രമായിരിക്കും വെളിപാടിന്റെ പുസ്തകം.

വമ്പന്‍ ഹിറ്റായ ലാല്‍-പ്രിയന്‍ ചിത്രം ഒപ്പത്തിനുശേഷം ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രമാണിത്.

ഏപ്രിലിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. തിരുവനന്തപുരത്തായിരുന്നു  ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. രണ്ടാമത്തെ ഷെഡ്യൂളിന്റെ ചിത്രീകരണമായിരുന്നു ആലപ്പുഴയില്‍. ഇവിടെവച്ചാണ് ചിത്രത്തിന്റെ ക്ലൈമാക്സിലേതെന്ന് കരുതുന്ന ഒരു രംഗം ആരോ ചോര്‍ത്തി യൂട്യൂബിലിട്ടത്.

ഇടിയന്‍ ഇടിക്കുള, ഡ്രാക്കുള എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന പ്രൊഫ മൈക്കല്‍ ഇടിക്കുള എന്ന, ഇതുവരെ ചെയ്യാത്ത തരത്തിലുള്ള, ഒരു കോളേജ് അധ്യാപകന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത കാലങ്ങളിലൂടെയാണ് ഈ കഥാപാത്രം സഞ്ചരിക്കുന്നത്.

ബെന്നി പി നായരമ്പലമാണ് തിരക്കഥ. സിദ്ധിഖ്, അന്ന രേഷ്മ രാജന്‍, സലീംകുമാര്‍, അനൂപ് നായര്‍, കൃഷ്ണകുമാര്‍, ശിവജി ഗുരുവായൂര്‍, അലന്‍സിയര്‍, അപ്പാണി ശരത് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.