മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് വരവേറ്റത്. അതേ ആവേശത്തിലാണ് നടന്‍ പൃഥ്വിരാജും. 

"എനിക്കറിയാം ഈ ചിത്രം എന്താണെന്ന്.. അതുപോലെ ഈ ചിത്രത്തെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടും.. കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ.. എല്ലാ വിധ ആശംസകളും.. .ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസങ്ങളില്‍ ഒരാളായ ജിജോ സാറിനെ മലയാള സിനിമയിലേക്ക്  തിരികെ കൊണ്ടുവരുന്നതില്‍ ഒരു ഭാഗമായതിന് നന്ദി..."വാര്‍ത്ത പങ്കുവച്ചുകൊണ്ടു പൃഥ്വി കുറിച്ചു.

ബ്ലോഗിലൂടെയാണ് താന്‍ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകരെ അറിയിച്ചത്. ബറോസ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു 3ഡി സിനിമയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. 

"ഈ തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. ഒരു 3 ഡി സ്റ്റേജ് ഷോ എന്ന ആശയവുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സിനിമയുടെ സംവിധായകന്‍ ജിജോയെ പോയി കണ്ടു. അന്ന് അത്തരത്തിലുള്ള ഒരു പ്രൊജക്ടിന് ഭീമമായ തുക ചെലവാകും എന്ന് മനസ്സിലായതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ജിജോയുമായുള്ള സംസാരത്തില്‍ അദ്ദേഹം പങ്കുവെച്ച ഒരു ഇംഗ്ലീഷ് കഥ തന്നെ ആകര്‍ഷിച്ചു. അതൊരു മിത്ത് ആയിരുന്നു. ഒരു മലബാര്‍ തീരദേശത്ത് ബറോസ്സ്- ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രഷര്‍). വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നത്. നാനൂറിലധികം വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഒരു കുട്ടി വരുന്നു. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം"- മോഹന്‍ലാല്‍ കുറിച്ചു.

prithviraj, mohanlal

Content Highlights : Mohanlal To Direct A Movie Prithviraj Facebook Post Mohanlal Directorial Debut Barros