പുനലൂര്‍ : കസവുമുണ്ടുടുത്തും നേര്യത് പുതച്ചും നാലമ്പലത്തില്‍ പ്രദക്ഷിണംചെയ്യുന്ന പ്രിയതാരത്തെക്കണ്ടപ്പോള്‍ ആവേശത്തില്‍ മതിമറന്ന് ആരാധകര്‍. വിവരം ഫോണ്‍വഴിയും വാട്‌സാപ്പുവഴിയും പരന്നപ്പോള്‍ ക്ഷേത്രവളപ്പ് ആരാധകരെക്കൊണ്ട് നിറഞ്ഞു. കുഞ്ഞുങ്ങള്‍മുതല്‍ പ്രായമായവര്‍വരെ. പ്രിയനടന്‍ പുഞ്ചിരിയോടെ അവര്‍ക്കുനേരേ കൈവീശി.

തിങ്കളാഴ്ച രാവിലെയാണ് അച്ചന്‍കോവില്‍ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ മോഹന്‍ലാല്‍ എത്തിയത്. പുലര്‍ച്ചെ അഞ്ചിന് ഒരു വി.ഐ.പി. ദര്‍ശനത്തിന് എത്തുമെന്ന് തമിഴ്‌നാട്ടിലെ ചെങ്കോട്ടയില്‍നിന്ന് ക്ഷേത്രത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ ആരാണ് ആ വി.ഐ.പി.യെന്ന് ക്ഷേത്രം ഭാരവാഹികളും അറിഞ്ഞില്ല. പുലര്‍ച്ചെ ഭാരവാഹികള്‍ കാത്തുനിന്നെങ്കിലും വി.ഐ.പി. എത്തിയില്ല. എന്നാല്‍ രാവിലെ പത്തരയോടെ ആള്‍ എത്തിയപ്പോഴേ അതിഥി ആരെന്ന് അറിഞ്ഞുള്ളൂ. മോഹന്‍ലാലിനൊപ്പം സഹായിയായ ആന്റണി പെരുമ്പാവൂരും രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്ന് ചെങ്കോട്ടവഴിയാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.സത്യശീലന്‍ പിള്ള, സെക്രട്ടറി എസ്.ഉണ്ണിക്കൃഷ്ണപിള്ള, സബ്ഗ്രൂപ്പ് ഓഫീസര്‍ ബിനു എന്നിവര്‍ ചേര്‍ന്ന് മോഹന്‍ലാലിനെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. തൊഴുത് പ്രദക്ഷിണംവച്ച് പൂജകളുംകഴിച്ച് പുറത്തിറങ്ങിയ അദ്ദേഹം ക്ഷേത്രത്തിന് സമീപം പണിനടക്കുന്ന രഥവും നോക്കിക്കണ്ടു. തെന്മലയില്‍നിന്ന് എസ്.ഐ. പ്രവീണിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സുരക്ഷതീര്‍ത്തു. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചിലവഴിച്ച് അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തു.

15 വര്‍ഷം മുന്‍പ് ഇദ്ദേഹം അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

Content Highlghts: Mohanlal Temple Visit Odiyan Achankovil Temple Malayalam Actor