ചെന്നൈ: ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 പ്രേക്ഷക പ്രീതി സ്വന്തമാക്കി മുന്നേറുകയാണ്. ആമസോണില്‍ റിലീസ് ചെയ്ത ചിത്രത്തെ കുറിച്ചുള്ള പുകഴ്ത്തലുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയേ. ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിനും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ദൃശ്യം 2 കണ്ട് ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്. 'ദൃശ്യം 2-ല്‍ കോടതിക്കുള്ളില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്കുട്ടി സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ചിരിച്ചുപോയി. ഇതുവരെ ചിത്രം കാണാത്തവരുണ്ടെങ്കില്‍ ദൃശ്യം 1 മുതല്‍ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം' അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു.
വൈകാതെ തന്നെ അശ്വിന് നന്ദിപറഞ്ഞ് മോഹന്‍ലാലും രംഗത്ത് വന്നു. ഈ തിരക്കിട്ട ഷെഡ്യൂളിനിടയിലും ദൃശ്യം കണാന്‍ സമയം കണ്ടെത്തിയതില്‍ നന്ദി. അത് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണ്, താങ്കളുടെ കരിയറിനും ആശംസകള്‍ മോഹന്‍ലാല്‍ കുറിച്ചു.
മോഹന്‍ലാലിന്റെ ട്വീറ്റ് അശ്വിന്‍ റീട്വീറ്റ് ചെയ്തു. ആരാധകര്‍ വിളിക്കുന്നത് പോലെ ലാലേട്ടന്‍ എന്ന് കുറിച്ചാണ് അശ്വിന്‍ ട്വീറ്റ് ചെയ്തത്.
Lalettan 🤩🙏 https://t.co/Y9CBU4SZKo
— Ashwin 🇮🇳 (@ashwinravi99) February 23, 2021
മോഹന്‍ലാന്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തില്‍ മീന, സിദ്ധിഖ്, മുരളി ഗോപി, സായ്കുമാര്‍, ആശാ ശരത്, അന്‍സിബ ഹസന്‍, എസ്തര്‍, അഞ്ജലി, കൃഷ്ണപ്രഭ, അജിത് കൂത്താട്ടുകുളം, സുമേഷ് തുടങ്ങി ഒരു വലിയതാരനിര തന്നെ വേഷമിട്ടിട്ടുണ്ട്.
Content Highlights: Mohanlal's Response To Ravichandran Ashwin On Drishyam 2