കൊച്ചി: കോഴിക്കോട്ട് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ അമ്മയ്ക്ക് സാന്ത്വനമായി നടന്‍ മോഹന്‍ലാലിന്റെ കത്ത്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്റെ ലെറ്റര്‍പാഡിലാണ് താരം കത്തെഴുതിയത്. 

'പ്രിയപ്പെട്ട അമ്മയ്ക്ക്' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാരംഭിക്കുന്ന കത്തില്‍ മറ്റൊരാള്‍ക്ക് വേണ്ടി ജീവിക്കാന്‍ വലിയ മനസ്സും ധീരതയും വേണമെന്നും അമ്മയുടെ മകന്‍ യാത്രായയത് മൂന്നു കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്നും മോഹന്‍ലാല്‍ പറയുന്നു. വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാനാവില്ലെന്ന് അറിയാമെന്നും മറ്റൊരു മകന്‍ എഴുതുന്ന സ്‌നേഹവാക്കുള്‍ ആയി കരുതണമെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

മോഹൻലാലിൻറെ കത്തിന്റെ പൂർണരൂപം 

പ്രിയപ്പെട്ട അമ്മയ്ക്ക് 

'അമ്മ ക്യാമ്പിലായിരുന്നു എന്ന് അറിയാം. ക്യാമ്പിലേക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകൻ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകൻ യാത്രയായത് മൂന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റൊരാൾക്ക് വേണ്ടി ജീവിക്കാൻ വലിയ വലിയ മനസ് വേണം. മറ്റുള്ളവർക്ക് വേണ്ടി ജീവൻ നൽകാൻ വലിയ മനസും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകൻ. ഞാൻ ഉൾപ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകൻ അമ്മയെ വിട്ടു പോയത്. വാക്കുകൾ കൊണ്ട് അമ്മയെ ആശ്വസിപ്പിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം ഇതുപോലെ ഒരു മകനെ സമൂഹത്തിനു നൽകിയതിന് മറ്റൊരു മകൻ എഴുതുന്ന സ്നേഹവാക്കുകൾ ആയി ഇതിനെ കരുതണം...

സ്നേഹത്തോടെ 
പ്രാർത്ഥനയോടെ 
അമ്മയുടെ മോഹൻലാൽ 

സംവിധായകന്‍ മേജര്‍ രവിയുടെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ കോഴിക്കോട്ടെത്തി കത്ത് നേരിട്ട് ലിനുവിന്റെ അമ്മയ്ക്ക് നല്‍കി. നേരത്തേ, മോഹന്‍ലാല്‍ ലിനുവിന്റെ അമ്മയെ നേരിട്ട് വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. ലിനുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ സഹായധനവും കൈമാറി. ഇവരുടെ കടബാധ്യതകള്‍ ഏറ്റെടുക്കുമെന്നും കുടുംബത്തിന് വീടു നിര്‍മിച്ച് നല്‍കുമെന്നും സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു.

letter

Content Highlights: Mohanlal Writes letter to linu's mother