Mohanlalപൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'ലൂസിഫര്‍' എന്ന ചിത്രത്തില്‍ നായകനാവുന്ന കാര്യം സ്ഥിരീകരിച്ച് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചിത്രത്തേക്കുറിച്ചുള്ള പൃഥ്വിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്ന് നിമിഷങ്ങള്‍ക്കകമാണ് മോഹന്‍ലാലിന്റെ കുറിപ്പും വന്നത്.

ലക്ഷക്കണക്കിന് വരുന്ന എന്റെ ആരാധകരോടായി എന്റെ പുതിയ പ്രോജക്റ്റിനെക്കുറിച്ച് ഒരു വലിയ വാര്‍ത്ത പറയാനുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മലയാളത്തിലെ രണ്ട് ഐക്കണുകളാണ് ആദ്യമായി ക്യാമറയ്ക്ക് പിന്നില്‍ അണിനിരക്കുന്നത്. എന്റെ ഏറ്റവും പ്രിയപ്പെട്ട സുകുമാരേട്ടന്റെ മകനായ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും ഗോപിയേട്ടന്റെ മകനായ മുരളി ഗോപി കഥയും തിരക്കഥയുമെഴുതുന്ന ചിത്രവുമാണിത്. ലൂസിഫര്‍ എന്നാണ് ചിത്രത്തിന്റെ പേരെന്നും അദ്ദേഹം കുറിച്ചു.

ലൂസിഫറിലേതെന്ന് തോന്നിക്കുന്ന, അധോലോക നായകന്റെ ലുക്കിലുള്ള ഒരു ചിത്രവും ഈ പോസ്റ്റിനൊപ്പമുണ്ട്. ഉണരൂ, മുഖം, മൂന്നാംമുറ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലും സുകുമാരനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഭരത്‌ഗോപി നായകനായ കാറ്റത്തെ കിളിക്കൂടില്‍ മോഹന്‍ലാലും ഒരു പ്രധാനവേഷത്തിലുണ്ടായിരുന്നു. അപ്പുണ്ണി, കരിമ്പിന്‍ പൂവിനക്കരെ, അഗ്നിദേവന്‍, രസതന്ത്രം, പരദേശി മുതലായ ചിത്രങ്ങളിലാണ് ഗോപി-ലാല്‍ കൂട്ടുകെട്ട് ഒന്നിച്ചത്. അദ്ദേഹം സംവിധാനം ചെയ്ത ഉല്‍സവപ്പിറ്റേന്നിലും മോഹന്‍ലാലായിരുന്നു നായകന്‍.