മോഹൻലാലിന്റെ കന്നി സംവിധാന സംരംഭമായ ത്രി ഡി ചിത്രം ബറോസിന്റെ ചിത്രീകരണം ആരംഭിച്ചു. ഫോർട്ട് കൊച്ചിയിലെ ബണ്ടൻ ബോട്യാഡ് ഹോട്ടലിലായിരുന്നു ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. നായികയായ ഷൈലയും കുട്ടികളും പങ്കെടുക്കുന്ന ഒരു സ്കൂൾ രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. ഏതാനും റിഹേഴ്സൽ പൂർത്തിയാക്കി ഒമ്പതര മണിയോടെ ആദ്യ ഷോട്ടെടുത്തപ്പോൾ സെറ്റിൽ നീണ്ട കരഘോഷം.

വലിയ ഒരുക്കങ്ങൾക്ക് ശേഷമാണ് അദ്യരംഗം ചിത്രീകരിച്ചത്. ഛായാഗ്രാഹകൻ സന്തോഷ് ശിവനും സംഘവും ക്യാമറയുടെ പൊസിഷനും ലൈറ്റിംഗുമൊക്കെയായി ഒരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. എല്ലാം ശ്രദ്ധിച്ചു കൊണ്ടും അഭിപ്രായങ്ങൾ പറഞ്ഞും മോഹൻലാലും ആദ്യാവസാനമുണ്ടായിരുന്നു ഒപ്പം. ലാലിന് കൂട്ടായി ജിജോ പുന്നൂസുമുണ്ട്.

barozz
മോഹൻലാൽ ബറോസിന്റെ ചിത്രീകരണത്തിൽ. ഫോട്ടോ: അനീഷ് ഉപാസന

അവിചാരിതമായി അവിടെയെത്തിയ നടൻ ജോജു ജോർജ് മോഹൻലാലിന് ആശംസ നേർന്നു. നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ നിറസാന്നിദ്ധ്യത്തിലൂടെ സെറ്റിൽ ഉണ്ട്. 'ഈ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ ലാൽ സാർ എന്നോടു ചോദിച്ചത് ഒറ്റക്കാര്യം എനിക്ക് ഈ ചിത്രം ചെയ്യണം.. കൂടെയുണ്ടാകുമോ? ആദ്യം ഒന്നു ശങ്കിച്ചുവെങ്കിലും ലാൽ സാറിന്റെ ഉറച്ച തീരുമാനത്തിന് നൂറുശതമാനവും കൂടെയുണ്ടാകുമെന്നറിയിച്ചു. ലാൽ സാറിന്റെ വലിയൊരാഗ്രഹമാണിത്. അതു നടത്താൻ ലാൽ സാറിനേക്കാളും മുന്നിൽ ഞാനുണ്ടാകുമെന്നു തന്നെ പറഞ്ഞു. ഒന്നര രണ്ടു വർഷത്തെ അദ്ധ്വാനമാണ് ഇന്നിവിടെ യാഥാർഥ്യമായിരിക്കുന്നത്. നുറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് ആന്റണി പറഞ്ഞു.

പിറ്റേന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായി ചിത്രീകരണം. പൊരിവെയിലത്ത് ഗ്രൗണ്ടിൽ ഓടിനടക്കുന്ന മോഹൻലാൽ വിസ്മയമായി തോന്നി. ഇതുവരേയും തന്റെ ഭാഗങ്ങൾ അഭിനയിക്കാൻ ക്യാമറക്കു മുന്നിലെത്തിക്കൊണ്ടിരുന്ന മോഹൻലാൽ കാലത്ത് ആറു മണി വരേയും ലൊക്കേഷനിൽ ചിത്രത്തിന്റെ അമരക്കാരനായി ഓടി നടക്കുന്നു.

barozz
മോഹൻലാൽ ബറോസിന്റെ ചിത്രീകരണത്തിൽ. ഫോട്ടോ: അനീഷ് ഉപാസന

കൊച്ചിയിൽ ഒരാഴ്ച്ചത്തെ ചിത്രീകരണത്തിനു ശേഷം ഗോവയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുകയാണ്.
ഏതാന്ന് എഴുപത്തിയഞ്ചു ദിവസത്തോളം ഗോവയിൽ ചിത്രീകരണമുണ്ടാകും. നവോദയാ സ്റ്റുഡിയോയാണ് മറ്റൊരു പ്രധാന ലൊക്കേഷൻ. മറ്റൊന്ന് ഡറാഡൂൺ. സാങ്കേതിക പ്രവർത്തകർ ഏറെയും വിദേശത്തു നിന്നുള്ളവരാണ്. നായിക ഉൾപ്പടെയുള്ള ഏതാനും അഭിനേതാക്കളും വിദേശത്തു നിന്നുള്ളവരാണ്.

മോഹൻലാൽ ഈ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രഥ്വിരാജ് സുകുമാരൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രതാപ് പോത്തൻ, പന്മാവതി റാവു, ജയചന്ദ്രൻ പാലാഴി. അമൽ, ജോഷ്വാ എന്നിവരും വേഷങ്ങൾ ചെയ്യുന്നു. ഷൈലാ എം.സി.കാ ഫറിയാണ് നായിക. സാറാ വേഗ., കയി സർലൊറന്റോ , റാഫേൽ അമാർഗോ എന്നിവരാണ് വിദേശ താരങ്ങൾ.

ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. പതിമൂന്നുകാരനായ ലിഡിയനാണ് സംഗീത സംവിധായകൻ. ജിജോ പുന്നൂസിൻ്റെ താണ് കഥയും തിരക്കഥയും സംഭാഷണവും. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറും ജിജോ തന്നെ. സ്റ്റീരിയോ ഗ്രാഫർ - കെ.പി .നമ്പ്യാതിരി. ഗാനങ്ങൾ .വിനായക് ശശികുമാർ - ലഷ്മി ശ്രീകുമാർ. എഡിറ്റർ -ശ്രീകർ പ്രസാദ്. കലാസംവിധാനം. സന്തോഷ് രാമൻ. കോസ്റ്റ്വും ഡിസൈൻ.-ജ്യോതി മദനി സിംഗ്. റിസർച്ച് ഡയറക്ടർ. ജോസിജോസഫ്. ഫിനാൻസ് കൺട്രാളർ.മനോഹരൻ പയ്യന്നൂർ. ഓഫീസ് നിർവഹണം നിർമ്മൽ രാമകൃഷ്ണൻ, മുരളി കൃഷ്ണൻ, കിഷോർ, അരുൺ. പ്രൊഡക്ഷൻ മാനേജേഴ്സ്.- ശശിധരൻ കണ്ടാണിശ്ശേരി, ബേസിൽ ബാബു. പ്രൊഡക്ഷൻ എക്സിക്കുട്ടി വ്സ്.- സജി.സി.ജോസഫ്.- ബാബുരാജ് മനിശ്ശേരി പ്രൊഡക്ഷൻ കൺട്രോളർ: സിദ്ദു പനയ്ക്കൽ. പി.ആർ.ഒ: വാഴൂർ ജോസ്

Content Highlights: Mohanlal’s directorial debut Barozz  Malayalam 3D Movie Prithviraj