മോഹന്‍ലാല്‍ എന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരത്തിന് ഈ പേര് ലഭിച്ചത് എങ്ങനെയെന്ന് അറിയാമോ? അക്കഥ വെളിപ്പെടുത്തുകയാണ് മോഹന്‍ലാല്‍. മാധ്യമപ്രവര്‍ത്തകനായ എ.ചന്ദ്രശേഖര്‍ നടത്തിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ തന്റെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. അഭിമുഖം 'മോഹനരാഗങ്ങള്‍' എന്ന പേരില്‍ ഒരു പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്. അഭിനയജീവിതത്തില്‍ മോഹന്‍ലാല്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പുസ്തകം പുറത്തിറക്കിയത്. 

അഭിമുഖത്തില്‍ മോഹന്‍ലാലിനോട് അദ്ദേഹത്തിന്റെ പേര് സംബന്ധിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്.

'മോഹന്‍ലാല്‍ എന്നത് അന്ന് അത്യപൂര്‍വമായ പേരായിരുന്നു. അച്ഛനോടും അമ്മയോടുമൊക്കെ ഈ പേരിന്റെ രഹസ്യം ചോദിച്ചിട്ടുണ്ട്. എന്റെ അമ്മൂമ്മയുടെ അച്ഛനിട്ട പേരാണ്. പ്യാരിലാല്‍, മോഹന്‍ലാല്‍ എന്നൊക്കെ പറയുന്നത് സ്വാതന്ത്ര്യസമരത്തിന്റെയൊക്കെ പശ്ചാത്തലത്തില്‍ കണ്ടെത്തിയതാണ്. അതൊരു പക്ഷേ, പിന്നീട് ഡെസ്റ്റിനി ആയി മാറുകയായിരുന്നു. വല്യപ്പൂപ്പന്‍ അങ്ങനൊരു പേരിടുമ്പോള്‍ അച്ഛനും അമ്മയ്ക്കുമൊക്കെ അന്നതു വേണ്ടെന്നു പറയാന്‍ തോന്നിയിട്ടുണ്ടാവില്ല. അന്നങ്ങനത്തെ പേരേ ഇല്ലല്ലോ? അതവര്‍ സമ്മതിച്ചു എന്നുള്ളതാണു വലിയ കാര്യം.

സ്‌കൂളിലും കോളജിലുമൊന്നും പേരു കൊണ്ട് എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. പക്ഷേ വളരെ കുറച്ചു പേരെ ആ പേരില്‍ എന്നെ വിളിക്കൂ. അടുപ്പമുള്ളവര്‍ എന്നെ ലാലു എന്നാണു വിളിച്ചിരുന്നത്. പിന്നീട് ലാലേട്ടാ എന്നായപ്പോള്‍.. ആ വിളിയുടെ ഒരു ഈണം, താളം... ഒക്കെയുണ്ടല്ലോ... ദാസേട്ടാ... എന്നു യേശുദാസിനെ വിളിക്കുന്നതുപോലെ. എന്റെ പേരു വേറെ എന്തെങ്കിലുമായിരുന്നെങ്കില്‍ ചിലപ്പോളൊരുപക്ഷേ ആ വിളിപ്പേരു പോലുമുണ്ടാവില്ലായിരുന്നു. അപ്പോള്‍ വളരെയധികം ആ പേര് എന്നെ സഹായിച്ചിട്ടുണ്ട് എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

സിനിമയില്‍ വന്നപ്പോഴും മോഹന്‍ലാല്‍ എന്ന പേരു മാറ്റണമെന്ന് ആരും പറഞ്ഞില്ല. വളരെ അപൂര്‍വമാള്‍ക്കാര്‍ മാത്രമേ എന്നെ മോഹന്‍ എന്നു വിളിക്കൂ. ലാലേ ലാലേ എന്നു വിളിച്ചു വിളിച്ച് അതങ്ങു പതിഞ്ഞു. എളുപ്പം വിളിക്കാവുന്ന പേരാണല്ലോ അത്. നോര്‍ത്തിലൊക്കെയാണെങ്കിലും, മലയാളിയാണോ തമിഴനാണോ തെലുങ്കനാണോ ഉത്തരേന്ത്യനാണോ എന്നൊന്നും തിരിച്ചറിയാനാവാത്ത ഐഡന്റിറ്റി അതിനുണ്ടായി. എന്റെ ചേട്ടന്റെ പേര് പ്യാരിലാല്‍ എന്നാണ്. മലയാളി അധികം കേട്ടിട്ടില്ലാത്ത പേരാണ്. ലക്ഷ്മികാന്ത്, പ്യാരിലാല്‍മാരില്ലേ ? അതില്‍ നിന്നാവാം ചേട്ടനാ പേരു കിട്ടിയത്.

എനിക്കിപ്പോഴും അതൊരു വലിയ മിസ്റ്ററിയാണ്. ഒരു കുട്ടിക്ക് പേരിടുക അത്ര പ്രധാനപ്പെട്ട കാര്യമാണല്ലോ ? പത്തനംതിട്ട ഓമല്ലൂരിനടുത്ത് ഇലന്തൂര്‍ പുന്നയ്ക്കലില്‍ നിന്നൊരാള്‍ക്ക് ഇങ്ങനെ പേരിടുക. എന്തോ ഒരു പ്രത്യേകത ഇല്ലേ...പിന്നെ, പേര് ജീവിതത്തില്‍ ഒരു പ്രശ്‌നമാവുമ്പോഴാണല്ലോ നാം അതേപ്പറ്റി ചിന്തിക്കുന്നത്. എന്നെ സംബന്ധിച്ച് ഉള്ള പേര് നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ഈ പേര് എന്നെ വളരെ സഹായിച്ചു.' 

Content Highlights : Mohanlal Reveals Secret Behind His Name Mohanlal Interview