രാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2021 ആ​ഗസ്റ്റ് 12 ന് ഓണം റിലീസായി തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കോവിഡ് പ്രതിസന്ധി മൂലം ഒരു വർഷത്തിലേറെയായി റിലീസ് മാറ്റി വച്ചിരുന്ന ചിത്രമാണ് മരക്കാർ.

സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി "മരക്കാർ അറബിക്കടലിന്റെ സിംഹം" നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു...റിലീസ് തീയതി പുറത്ത് വിട്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇത്തവണത്തെ മികച്ച ചിത്രത്തിനുൾപ്പടെ മൂന്ന് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രമാണ് മരക്കാർ.

അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

പ്രശസ്ത കലാസംവിധായകൻ സാബു സിറിലാണ് ചിത്രത്തിന് വേണ്ടി സെറ്റൊരുക്കിയിരിക്കുന്നത്. റോണി റാഫേലാണ് മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം എന്ന വിഖ്യാതിയുമായി വരുന്ന മരയ്ക്കാറിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ആന്റണി പെരുമ്പാവൂർ, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

Content Highlights : Mohanlal Priyadarshan Movie Marakkar Arabikkadalinte Simham new Release Date 2021 august 12