പ്പം എന്ന വമ്പൻ ഹിറ്റിനുശേഷം കൂട്ടുകാരായ പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ്. ഇക്കുറി മലയാളത്തിൽ മാത്രമല്ല, അഞ്ചു ഭാഷകളിലായാണ് ഇവരുടെ ചിത്രം ഒരുങ്ങുന്നത്.

മൂൺഷൂട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ നിർമാതാവായ സന്തോഷ് തന്നെയാണ് ഫെയ്​സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

'ഈ രണ്ട് ഇതിഹാസങ്ങൾക്കുമൊപ്പം ഒരു ചിത്രം ചെയ്യണം എന്നത് കുട്ടിക്കാലം മുതലുള്ള എന്റെ ആഗ്രഹമാണ്. അത് 2018ൽ സംഭവിക്കും. അഞ്ച് ഭാഷകളിലായുള്ള ഒരു മാസ് ചിത്രമായിരിക്കും ഇത്'-സന്തോഷ് ഫെയ്​സ്ബുക്കിൽ കുറിച്ചു.

ശ്രീകുമാർ മേനോന്റെ ഒടിയനും ബോളിവുഡ് സംവിധായകൻ അജോയ് വര്‍മയയുടെ ചിത്രത്തിനും ശേഷം ലാൽ ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ഒടിയന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.  ബി.ഉണ്ണികൃഷ്ണന്റെ വില്ലൻ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു.

മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമി‍ഴ് പതിപ്പായ നിമിർ നിർമിക്കുന്നത് സന്തോഷ് ടി. കുരുവിളയാണ്. പ്രിയദർശനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടാണ് ലാൽ-പ്രിയൻ ടീം. സിനിമയ്ക്ക് പുറത്തും ദൃഢമായ സൗഹൃദം വച്ചുപുലർത്തുന്ന ഇരുവരം ചേർന്ന് 44 സിനിമകളാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഓണത്തിന് പുറത്തിറങ്ങിയ ഒപ്പമാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ലാൽ രാമാനുജൻ എന്ന അന്ധനായ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം.