പിരിച്ചുവെച്ച മീശയും മുണ്ടും ജീപ്പും ഉണ്ടെങ്കില്‍ തന്റെ സിനിമകള്‍ ഹിറ്റാകുമെന്ന് പറയുന്നത് മിഥ്യ ധാരണയാണെന്ന് മോഹന്‍ലാല്‍. ലൂസിഫര്‍ സിനിമയുടെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകന്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

'ലൂസിഫറിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ മോഹന്‍ലാലിന്റെ ഗെറ്റപ്പ് വലിയ ചര്‍ച്ചയായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മുന്‍കാല ഹിറ്റ് സിനിമകളെ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം. 

മീശയും മുണ്ടും ജീപ്പും ഒരു സിനിമയുടെ വിജയ സമവാക്യമല്ല. ഞാന്‍ ആ ഗെറ്റപ്പില്‍ വന്ന ചില സിനിമകള്‍ വിജയിച്ചിട്ടുണ്ട്. ചിലത് പരാജയപ്പെട്ടിട്ടുമുണ്ട്. നരസിംഹം വലിയ വിജയമായിരുന്നുവെങ്കിലും അതിന് ശേഷം വന്ന ഒരുപാട് സിനിമകള്‍ പരാജയപ്പെട്ടു.

തിരക്കഥയ്ക്ക് അനുസരിച്ചാണ് കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നത്. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പിള്ളി ഹൈ റേഞ്ചില്‍ ജീവിക്കുന്ന ഒരാളാണ്. അതുകൊണ്ട് അയാള്‍ ജീപ്പ് ഉപയോഗിക്കുന്നു. രാഷ്ട്രീയക്കാരനായത് കൊണ്ട് മുണ്ടുടുക്കുന്നു. പിന്നെ അയാള്‍ക്ക് എന്തോ ഒരു സങ്കടമുണ്ട്, അതുകൊണ്ട് തന്നെ എന്നും രാവിലെ ഷേവ് ചെയ്യാനുള്ള മാനസികാവസ്ഥയില്‍ ജീവിക്കുന്ന ഓരാളല്ല അയാള്‍. അത് സിനിമ കണ്ടാല്‍ മനസ്സിലാകും. ഇതൊന്നും മന:പൂര്‍വ്വം കെട്ടിച്ചമയ്ക്കുന്നതല്ല. ആകസ്മികമായി സംഭവിക്കുന്ന ഘടകങ്ങളാണ്.' 

പൃഥ്വിരാജ് എന്ന സംവിധായകനില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ലൂസിഫര്‍ വലിയ വിജയമായി തീരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

'40 വര്‍ഷങ്ങളായി ഞാന്‍ സിനിമയില്‍ വന്നിട്ട്. സിനിമയെ സ്‌നേഹിക്കുന്ന ഒരുപാട് ആളുകളെ ഈ യാത്രയില്‍ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പൃഥ്വിയെ എനിക്ക് കുട്ടിക്കാലം മുതല്‍ അറിയാം. മുരളിയും പൃഥ്വിയും എന്നോട് കഥ പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യാമെന്ന് ഞാന്‍ ഏല്‍ക്കുകയായിരുന്നു. വലിയ അവകാശവാദങ്ങളൊന്നും ഞാന്‍ മുന്നോട്ട് വയ്ക്കുന്നില്ല. എല്ലാ സിനിമകളും നന്നാകണം എന്ന് കരുതിയാണ് ചെയ്യുന്നത്. ചിലത് വിജയമാകും മറ്റു ചിലത് പരാജയപ്പെടും. എന്നാല്‍ ലൂസിഫറില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്'- മോഹന്‍ലാല്‍ പറഞ്ഞു.