കോടികളുടെ നിര്‍മാണക്കണക്കുപ റഞ്ഞ് മലയാളത്തെ അതിശയിപ്പിക്കുന്ന അന്യഭാഷാചിത്രങ്ങള്‍ക്കു മുന്‍പിലേക്ക് തലയെടുപ്പോടെ ആശീര്‍വാദ് സിനിമാസ്. മോഹന്‍ലാലിനെ നായകനാക്കി ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ഒരുക്കുന്ന ലൂസിഫറും മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമാണ് മലയാളത്തില്‍ ഏറ്റവുമുയര്‍ന്ന നിര്‍മാണച്ചെലവില്‍ പുറത്തിറങ്ങുന്ന സിനിമകള്‍.  ഇടുക്കിയിലെ വണ്ടിപ്പെരിയാറില്‍ ആദ്യരംഗം ചിത്രീകരിക്കുന്നതിനുമുന്‍പുതന്നെ ലൂസിഫര്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും മുരളി ഗോപിയും ആന്റണി പെരുമ്പാവൂരും ചേര്‍ന്നുനടത്തിയ ലൂസിഫര്‍ ചിത്രത്തിന്റെ ആദ്യ പത്രസമ്മേളനം വലിയ തലക്കെട്ടുകളായി ആഘോഷിക്കപ്പെട്ടു. മാനസികമായി ഏറെ അടുപ്പത്തില്‍ കഴിയുന്ന കുടുംബങ്ങളുടെ ഒത്തുചേരല്‍ കൂടിയാണ് ലൂസിഫറിലൂടെ നടക്കുന്നത് എന്നാണ് മോഹന്‍ലാല്‍ പത്രസമ്മേളനത്തിനുശേഷം അന്ന് പറഞ്ഞത്.

താരസമ്പന്നമാണ് ലൂസിഫര്‍. ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, ഫാസില്‍ (സംവിധായകന്‍) ബാല, സായ്കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വില്ലന്‍ വേഷത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് എത്തുന്നു. എറണാകുളം, തിരുവനന്തപുരം, ഇടുക്കി, ലക്ഷദ്വീപ്, ബെംഗളൂരു, മുംബൈ, റഷ്യ എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടെതാണ്. സുജിത്ത് വാസുദേവ് ഛായാഗ്രഹണവും  ദീപക് ദേവ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.

''പൃഥ്വിരാജ് മനസ്സില്‍ക്കണ്ട സിനിമ പ്രേക്ഷകരിലേക്കെത്തിക്കുകയെന്നതൊരു ഭാരിച്ച ജോലിയായിരുന്നു, മാസങ്ങളായി മറ്റെല്ലാ പ്രവൃത്തികളും മാറ്റിവെച്ച് വലിയൊരു സംഘം അതിനായി  അണിയറയില്‍ പരിശ്രമിക്കുന്നു. പറയുന്ന കാര്യങ്ങള്‍ പരസ്പരം പെട്ടെന്ന് കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്നു എന്നതാണ് എന്നെയും  രാജുവിനെയും അടുപ്പിക്കുന്ന ഘടകം'' ലൂസിഫറിന്റെ അണിയറവിശേഷങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞു. മാര്‍ച്ച് 28ന് കേരളത്തില്‍ നാനൂറിലധികം തിയേറ്ററുകളില്‍ ലൂസിഫര്‍  പ്രദര്‍ശനത്തിനെത്തും.

കുഞ്ഞാലിമരക്കാറുടെ ജീവിതം പറയുന്ന പ്രിയദര്‍ശന്‍ സിനിമയുടെ ചിത്രീകരണം ഈമാസം പൂര്‍ത്തിയാകും. ഹൈദരാബാദ് ഫിലിംസിറ്റിയില്‍ ഒരുക്കിയ കൂറ്റന്‍ സെറ്റിലാണ് സിനിമ പുരോഗമിക്കുന്നത്. തിരുവനന്തപുരമാണ് മറ്റൊരു ലൊക്കേഷന്‍. സാബു സിറിള്‍ കലാസംവിധാനവും തിരു ക്യാമറയും കൈകാര്യംചെയ്യുന്ന ചിത്രത്തിന്റെ വിഷ്വല്‍ ഇഫക്റ്റ് ജോലികളെല്ലാം ഇന്ത്യയ്ക്ക് പുറത്താണ്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ നൂറു കോടിക്കുമേല്‍ ചെലവിടുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി.ജെ., സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്. 2019 ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

''മോഹന്‍ലാലില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന കഥാപാത്രങ്ങള്‍ വരുമ്പോള്‍ ആ സിനിമകളുടെ നിര്‍മാണം ആഹ്‌ളാദത്തോടെയാണ്  ആശീര്‍വാദ് സിനിമാസ് എറ്റെടുക്കുന്നത്, ബജറ്റ് മുന്‍കൂട്ടി നിശ്ചയിച്ചല്ല അത്തരം സിനിമകളെല്ലാം തുടങ്ങുക. ലൂസിഫറും കുഞ്ഞാലിമരക്കാറും കൂട്ടത്തില്‍  എറെ  അഭിമാനത്തോടെയാണ് നിര്‍മിക്കുന്നത്. ലാല്‍സാറിന് പൃഥ്വിരാജും മുരളി ഗോപിയുമായുള്ള മാനസികമായ അടുപ്പം ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നാണ്  കരുതുന്നത്'' ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. 

'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യാണ് ഈ വര്‍ഷത്തെ ആശീര്‍വാദ് സിനിമാസിന്റെ മറ്റൊരു ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ജിബു ജോജു സംവിധാനംചെയ്യുന്ന  സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 20ന് ആരംഭിക്കും. തൃശ്ശൂര്‍, ചാവക്കാട്, ചൈന എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ ഓണത്തിന് പ്രദര്‍ശനത്തിനെത്തും.

Content Highlights: Mohanlal Prithviraj Lucifer Kunjali Marakkar Malayalam Movie