വിസ്മയയുടെ ക്ലാപ്പില്‍ ജീവന്‍വച്ചത് മലയാള സിനിമയിലെ പുതിയൊരു യുഗത്തിന്. ക്ലാപ്പിനുശേഷം പതിവ് സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ മുഴങ്ങി. അതുകഴിഞ്ഞ് ക്യാമറ മെല്ലെ ഒരു മൊബൈല്‍ ഫോണിന്റെ ടച്ച്പാഡിലേയ്ക്ക് സൂം ചെയ്തു. അതില്‍ ആദിയുടെ വിരലുകള്‍. പിന്നെ പതിഞ്ഞ സ്വരത്തില്‍ സംവിധായകന്റെ കട്ട്. എല്ലാം ഓക്കെ. അച്ഛന്‍ മോഹന്‍ലാലിന്റെയും അമ്മ സുചിത്രയുടെയുമെല്ലാം മുഖത്ത് സന്തോഷം. ആദി എന്ന നായകനാവുന്ന പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ഷോട്ടായിരുന്നു അത്. അതിന് സാക്ഷിയായി അച്ഛന്റെ മുഖത്ത് ആദ്യമായി ക്യാമറ സൂം ചെയ്ത സംവിധായകന്‍ അശോക് കുമാര്‍, ആദ്യ ക്ലാപ്പടിച്ച സുരേഷ്‌കുമാര്‍.

മലയാള സിനിമയിലെ അപൂര്‍വ നിമിഷത്തിനുകൂടിയാണ് താജ് റെസിഡന്‍സി സാക്ഷ്യം വഹിച്ചത്. അച്ഛന്റെയും അച്ഛന്റെ ചുവടുപിടിച്ചുവരുന്ന മകന്റെയും ചിത്രങ്ങളുടെ പൂജ ഒരേദിവസം. ശ്രീകുമാര്‍ മേനോന്റെ കന്നി സംവിധാന സംരംഭമായ ലാലിന്റെ ഒടിയന്റെയും പ്രണവ് ആദ്യമായി നായകനാവുന്ന ആദിയുടെയും ചിത്രീകരണമാണ് മോഹന്‍ലാല്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുവളര്‍ന്ന തിരുവനന്തപുരം തൈക്കാട്ടുള്ള താജ് റെസിഡന്‍സി ഹോട്ടലില്‍ നടന്നത്. മോഹന്‍ലാലും പ്രണവും ചേര്‍ന്നാണ് ആദിയുടെ പൂജ നിര്‍വഹിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് രണ്ട് ചിത്രങ്ങളും നിര്‍മിക്കുന്നത്.

നേരത്തെ തമ്പി കണ്ണന്താനത്തിന്റെ ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുള്ള പ്രണവ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ക്യാമറയ്ക്ക് മുന്നിലെത്താന്‍ ഒരുങ്ങുന്നത്. അതും നായകനായി. മോഹന്‍ലാലിന് കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച ജീത്തു ജോസഫ് വഴിയാണ് പ്രണവ് സിനിമയില്‍ നായകനായെത്തുന്നത് എന്നത് മറ്റൊരു കൗതുകം. ചിത്രത്തില്‍ ആദി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. സം ലൈസ് കാന്‍ ബി ഡെഡ്ലി എന്നതാണ് ചിത്രത്തിന്റെ ടാഗ്​ലൈൻ. നഗരകേന്ദ്രീകൃതമായ ഒരു ത്രില്ലറാണ് ചിത്രമെന്ന് പൂജയോടനുബന്ധിച്ച് പുറത്തിറക്കിയ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സൂചിപ്പിക്കുന്നു.

കഥയെക്കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ് പ്രതികരിച്ചില്ല. ഇതുവരെ ചെയ്ത എട്ട് ചിത്രങ്ങളിലും അനുഭവിക്കാത്ത ടെന്‍ഷനാണ് ഈ ചിത്രത്തില്‍ അനുഭവിക്കുന്നതെന്ന് ജീത്തു പറഞ്ഞു. എവിടെ ചെന്നാലും പ്രണവിനെക്കുറിച്ചും പ്രണവിന്റെ കഥാപാത്രത്തെക്കുറിച്ചും കഥയെക്കുറിച്ചുമുള്ള ചോദ്യങ്ങളാണെന്നും ജീത്തു പറഞ്ഞു.

സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സംഗീതം: അനില്‍ ജോണ്‍സണ്‍.

മോഹന്‍ലാല്‍ ഒടിയന്‍ മാണിക്കനാവുന്ന ചിത്രമാണ് ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍. മോഹന്‍ലാല്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കിലുള്ള മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ