ദ്യചിത്രത്തില്‍തന്നെ ഉശിരുള്ള കഥാപാത്രവുമായാണ് പ്രണവ് മോഹന്‍ലാലിന്റെ വരവ്. പ്രണയത്തിന് പ്രാധാന്യമില്ലാത്ത ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാകുമെന്നാണ് അണിയറയില്‍നിന്നുള്ള അഭിപ്രായം. ചില കള്ളങ്ങള്‍ മാരകമായേക്കും എന്ന ടാഗ് ലൈനാണ് പ്രേക്ഷകനെ ചിത്രത്തിലേക്ക് അടുപ്പിക്കുന്നത്.
 
കൊച്ചിയില്‍ തുടങ്ങി ബെംഗളൂരുവിലൂടെ വികസിക്കുന്ന കഥയാണ് ആദിയുടെത്. കെട്ടിടങ്ങളില്‍ വേഗത്തില്‍ കുതിച്ചുകയറാനും മതിലുകള്‍ക്കു മീതെ ചാടിമറിയാനും പരിശീലനം നേടിയ പാര്‍ക്കൗര്‍ അഭ്യാസിയെയാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
പുലിമുരുകനിലൂടെ മോഹന്‍ലാലിന്റെ വില്ലനായെത്തിയ ഡാഡിഗിരിജയാണ് ആദിയോട് ഏറ്റമുട്ടുന്നത്. ആദിയുടെ അച്ഛനായി സിദ്ദിഖും അമ്മയായി ലെനയും അഭിനയിക്കുന്നു. പാട്ടിനോടും നൃത്തത്തിനോടും താത്പര്യമുള്ള ആദി കാറുമായി ബെംഗളൂരുവില്‍ എത്തുന്നതും അവിടെവെച്ചുണ്ടാകുന്ന ചില ഉരസലുകള്‍ സംഘട്ടനത്തിലേക്കും കൊലപാതകത്തിലേക്കും മാറുന്നതില്‍നിന്നാണ് ചിത്രം കരുത്തുപിടിക്കുന്നത്. ബെംഗളൂരിലെ ആദിയുടെ പൊല്ലാപ്പുകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അനുശ്രീ, അദിതി എന്നിവരാണ് മറ്റു സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
സെപ്റ്റംബര്‍ പകുതിവരെ ബെംഗളൂരുവിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ക്യാമറയ്ക്കു മുന്നിലെ മകന്റെ പ്രകടനം കാണാന്‍ അമ്മ സുചിത്രയും സെറ്റിലെത്തിയിരുന്നു. സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണം ഈ മാസം അവസാനം ഹൈദരാബാദില്‍ തുടങ്ങും.

ആദ്യസിനിമയ്ക്കായി കനത്ത പരിശീലനമാണ് പ്രണവ് നേടിയത്. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമായ പാര്‍ക്കൗറാണിതില്‍ പ്രധാനം.

ജിംനാസ്റ്റിക്കിലും റോക്ക് ക്ലൈംബിങ്ങിലുമെല്ലാം പരിശീലനം നേടിയ പ്രണവിന് പാര്‍ക്കൗര്‍ താരതമ്യേന വലിയ പ്രയാസമായിരുന്നില്ലെന്ന് മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞിരുന്നു. പ്രണവിന്റെ ശരീരഭാഷ കഥാപാത്രത്തിന് ഇണങ്ങുന്നതാണെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തന്നിലുള്ള കഴിവുകള്‍ കൃത്യമായി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന സിനിമയായതുകൊണ്ടാകാം മകന്‍ ഇത്തരമൊരു ചിത്രം തിരഞ്ഞെടുക്കാന്‍ കാരണമായതെന്നും ലാല്‍ വ്യക്തമാക്കി.

പാര്‍ക്കൗര്‍ അഭ്യാസ വീഡിയോകള്‍ ഇന്ന് യൂട്യൂബില്‍ തരംഗമാണ്. ഹോളിവുഡ് സിനിമകളിലെ സ്ഥിരം കാഴ്ചകളാണ് ഇവ. മുന്നിലുള്ള മതിലുകളും തടസ്സങ്ങളും ചാടിക്കടക്കാന്‍ ശരീരത്തെ പരിശീലനംകൊണ്ട് പാകപ്പെടുത്തുന്നതാണ് പാര്‍ക്കൗര്‍ അഭ്യാസം. ദൃശ്യത്തിന്റെ തമിഴ്പതിപ്പായ കമലഹാസന്‍ചിത്രം പാപനാശത്തില്‍ ജീത്തുജോസഫിന്റെ സഹായിയായി പ്രണവ് പ്രവര്‍ത്തിച്ചിരുന്നു. സെറ്റില്‍വെച്ചുണ്ടായ പരസ്പര ഇടപെടല്‍ ഒന്നിച്ചുള്ള സിനിമയ്ക്ക് ഗുണംചെയ്യുമെന്ന കണക്കുകൂട്ടലിലാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്.