ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം തന്നെ വളരെയധികം അത്ഭുതപ്പെടുത്തിയ ചിത്രമാണെന്ന് മോഹന്‍ലാല്‍. 

സിനിമയുടെ 125ാം ദിനാഘോഷത്തില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ക്ഷമാപണം അറിയിച്ചുകൊണ്ടുളള വീഡിയോയിലാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. 

"ഹൈദരാബാദില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായതിനാലാണ് സിനിമയുടെ  125ാം ദിനാഘോഷത്തില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയത്. എനിക്ക് വളരേയേറെ ഇഷ്ടമായ ഒരു സിനിമയാണ് മഹേഷിന്റെ പ്രതികാരം. വ്യത്യസ്തമായ പ്രമേയം കൊണ്ടും നല്ല ചിത്രീകരണ രീതി കൊണ്ടും ഈ ചിത്രം എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി." 

സിനിമയിലെ അഭിനേതാക്കളുടെ പ്രകടനത്തേയും ലാല്‍ പ്രശംസിക്കാന്‍ മറന്നില്ല. ഫഹദും അനുശ്രീയും അപര്‍ണയും ഉള്‍പ്പെടെ സിനിമയിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവച്ചെന്നും ലാല്‍ പറഞ്ഞു.

പ്രതികാരം മനസ്സില്‍ കൊണ്ടുനടക്കേണ്ട കാര്യമല്ല. അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അത് ലളിതമായ രീതിയില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ അവസാനിപ്പിക്കുന്നു. മഹേഷിന്റെ പ്രതികാരം ഈ സിനിമ ഒരുപാട് നല്ല സിനിമകള്‍ക്ക് വഴികാട്ടിയാകട്ടെ എന്നും ലാല്‍ ആശംസിച്ചു.