കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും പ്രധാനവേഷങ്ങളിലെത്തിയ മഹാനടിക്ക്  ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. 

മികച്ച അഭിപ്രായമാണ് മഹനടിയെക്കുറിച്ച് കേള്‍ക്കുന്നതെന്നും പ്രിയപ്പെട്ട ദുല്‍ഖറിനും കീര്‍ത്തിക്കും എല്ലാ ആശംസകള്‍ നേരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൂടാതെ ഉടന്‍ തന്നെ ചിത്രം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിന് മറുപടിയുമായി ദുല്‍ഖര്‍ ഉടന്‍ രംഗത്തെത്തി. പ്രിയപ്പെട്ട ലാലേട്ടന്റെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നുവെന്ന് ദുല്‍ഖര്‍ കുറിച്ചു. 

തന്റെ ഗോഡ് ഫാദറിന് നന്ദി എന്ന് കീര്‍ത്തി മോഹന്‍ലാലിന് മറുപടി നല്‍കി.

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി നായികയായി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

mohanlal

നാഗ് അശ്വന്‍ ഒരുക്കുന്ന മഹാനടി തെലുഗു സിനിമാതാരം സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കീര്‍ത്തി സാവിത്രിയായി വേഷമിടുമ്പോള്‍ ജെമിനി ഗണേശനായി ദുല്‍ഖറെത്തുന്നു. നടികര്‍ തിലകം എന്ന പേരിലാണ് മഹാനടി തമിഴില്‍ പുറത്തിറങ്ങിയത്. സാമന്ത അകിനേനി, വിജയ് ദേവേരകൊണ്ട, ഭാനുപ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.