മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ അണിയിച്ചൊരുത്തിക്കുന്ന ഒടിയന്‍ വരുന്നത്. ബനാറസിലും കാശിയിലും തേങ്കുറിശ്ശിയിലുമായി ചിത്രീകരിക്കുന്ന ഒടിയനില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.
കാശിയില്‍ വച്ചുള്ള കാഷായ വേഷധാരിയായ മോഹന്‍ലാലിന്റെ ചിത്രങ്ങളും മുപ്പത് വയസ്സുകാരനായ ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഈ വേഷപ്പകര്‍ച്ചയ്ക്കായി ഗ്രാഫിക്‌സ് വേണ്ടെന്നാണ് അണിയറ പ്രവത്തകര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി മോഹന്‍ലാലിന്റെ ശരീരഭാരം കുറയ്ക്കാന്‍ ഫ്രാന്‍സില്‍ നിന്നും ഇരുപത്തിയഞ്ച് പേരടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിക്കുകയുംഡിസംബര്‍ അഞ്ചിന് ആരാധകര്‍ കാത്തിരുന്ന പഴയ മോഹന്‍ലാല്‍ തിരിച്ചുവരുമെന്ന് സംവിധായകന്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
തേങ്കുറിശ്ശിയില്‍ നിന്നുമുള്ള ചിത്രത്തിന്റെ മൂന്നാംഘട്ട ചിത്രീകരണ വിശേഷങ്ങള്‍ മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുകയാണ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഒടിയന്‍ മാണിക്യന്റെ തേങ്കുറിശ്ശിയെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നത്.
'അന്ന് കാശിയില്‍ വച്ച് ഞാന്‍ പറഞ്ഞിരുന്നല്ലോ ഇനിയുള്ള എന്റെ യാത്ര തേങ്കുറിശ്ശിയിലേക്കാണെന്ന്. ഞാനവിടെ എത്തിക്കഴിഞ്ഞു. ഒടിയന്‍ മാണിക്യന്റെ തേങ്കുറിശ്ശിയില്‍. കേട്ടില്ലേ കരിമ്പന കാറ്റടിക്കുന്നത് എന്റെ ഭൂതകാലത്തിന്റെ ഓര്‍മ്മകളുണ്ട് ആ കാറ്റിന്റെ ഇരമ്പലില്‍. ചിരിപ്പിച്ച, കരയിപ്പിച്ച, മോഹിപ്പിച്ച, ഓര്‍മ്മകള്‍.
തിരിച്ചെത്തിക്കഴിഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത് എനിക്കൊപ്പം എന്റെ കഥയിലെ കഥാപാത്രങ്ങള്‍ക്കെല്ലാം വയസ്സായിരിക്കുന്നു. എന്നാല്‍, തേങ്കുറിശ്ശിക്കെന്ത് ചെറുപ്പമാണ്. അന്ന് ഞാന്‍ ഇവിടുന്ന് യാത്ര പറഞ്ഞു പോയപ്പോള്‍ ബാക്കി വച്ച പ്രണയത്തിനും പകയ്ക്കും പ്രതികാരത്തിനുമൊന്നും വയസായിട്ടില്ല. ഞാന്‍ എന്റെ ഓര്‍മകളിലേക്ക് മടങ്ങട്ടെ വീണ്ടും കാണാം..യൗവനവും ഓജസ്സും തേജസ്സുമുള്ള ആ പഴയ മാണിക്യനായി' - മോഹന്‍ലാല്‍ പറയുന്നു.
മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. പ്രതിനായക കഥാപാത്രമായി എത്തുന്നത് പ്രകാശ് രാജാണ്. ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥയും സാബു സിറില്‍ കലാ സംവിധാനവും നിര്‍വഹിക്കുന്ന ഒടിയന്‍ നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്
Content Highlights : Mohanlal, Odiyan, Shrikumar Menon, Manju Warrier, Thenkurissi Shooting Video