ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം  ഒടിയന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവച്ചത്. ഇരുട്ടിനെ മറയാക്കി കരിമ്പടവും പുതച്ചു നീങ്ങുന്ന ഒടിയന്‍ മാണിക്യനെയാണ് ടീസറില്‍ കാണാനാവുക. 

പ്രഖ്യാപിച്ച അന്ന് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തിന് വേണ്ടിയുള്ള മോഹന്‍ലാലിന്റെ മെയ്‌ക്കോവറുകളും ചിത്രത്തിന്റെ പ്രോമോ വീഡിയോ, മോഷന്‍ പോസ്റ്റര്‍ ടീസറുകള്‍ തുടങ്ങിയവയുമെല്ലാം വലിയ തരംഗമായിരുന്നു.


മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ അണിയിച്ചൊരുക്കുന്ന ഒടിയന്‍ വരുന്നത്.  മഞ്ജു വാര്യറാണ് ചിത്രത്തിലെ നായിക. പ്രതിനായക കഥാപാത്രമായി എത്തുന്നത് പ്രകാശ് രാജാണ്. ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥയും സാബു സിറില്‍ കലാ സംവിധാനവും നിര്‍വഹിക്കുന്ന  ഒടിയന്‍ നിര്‍മിക്കുന്നത് ആശിര്‍വാദ്  സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. 

Mohanlal Odiyan Shrikumar Menon Manju Warrier odiyan teaser