ന്‍മം കൊണ്ട് മലയാളിയാണെങ്കിലും സാം സി.എസ് എന്ന യുവസംവിധായകന്‍ പ്രശസ്തനായത് തമിഴ് സിനിമയിലൂടെയാണ്. കടലൈ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാം ഏറെ ശ്രദ്ധിക്കപ്പെടുന്നത് ഗായത്രിയും പുഷ്‌കറും ചേര്‍ന്ന് ഒരുക്കിയ വിക്രം വേദയിലൂടെയാണ്. വിക്രം വേദയിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമെല്ലാം സൂപ്പര്‍ ഹിറ്റായി മാറി.

ഇടുക്കിയിലെ മൂന്നാറില്‍ ജനിച്ച സാം മോഹന്‍ലാലിനെ നായകനാക്കി വി.എ. ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയനിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്ന തിരക്കിലാണ് സാം. വിക്രം വേദയ്ക്ക് ശേഷം ബോളിവുഡില്‍ നിന്നടക്കം നിരവധി അവസരങ്ങള്‍ തന്നെ തേടിയെത്തിയെന്നും എന്നാല്‍ അവ സ്വീകരക്കാതെ ഒടിയന്‍ തിരഞ്ഞെടുക്കാന്‍ കാരണമുണ്ടെന്നും സാം പറയുന്നു.

'ഒരു പ്രത്യേക സ്ഥലത്ത് ഒതുങ്ങി നില്‍ക്കാതെ സിനിമകള്‍ക്ക് സംഗീതം ഒരുക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷേ മോഹന്‍ലാല്‍ സാറിന്റെ ഒടിയനിലേക്ക് അവസരം വന്നപ്പോള്‍ വേണ്ടെന്ന് വയ്ക്കാന്‍ തോന്നിയില്ല. ഏറെ വ്യത്യസ്തമായ ഒരു പാതയിലൂടെയാണ് ഒടിയന്‍ കഥ പറയുന്നത്. കേരളത്തിലെ പുരാതന സംഗീത ഉപകരണങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഒരുപാട് ഗവേഷണം ആവശ്യമാണ'്- സാം പറഞ്ഞു.