പാട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ തന്റെ പല കഥാപാത്രങ്ങളും അപൂര്‍ണമായിപ്പോകുമായിരുന്നുവെന്ന് മോഹന്‍ലാല്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലെ ഗാനങ്ങളുടെ റെക്കോഡിങ്ങിന്റെ വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചാണ് ലാല്‍ ഇത് കുറിച്ചത്.

'ഒടിയനി'ലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിന്റെ വീഡിയോ ഒരുപാട് സന്തോഷത്തോടെ നിങ്ങള്‍ക്കുവേണ്ടി പങ്കുവയ്ക്കുന്നു. ഇത് മനോഹരമായ നാലുപാട്ടുകളുടെ പിറവിയാണ്. നല്ല പാട്ടുകള്‍ നിറഞ്ഞ ഒരുപാട് സിനിമകളില്‍ അഭിനയിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്ക് പിന്നില്‍ അദൃശ്യമായി,എന്നാല്‍ കേട്ട് അനുഭവിക്കാനാകുംവിധം തണുപ്പോടെ അവ നിറഞ്ഞു. പാട്ടുകളില്ലെങ്കില്‍ അപൂര്‍ണമായിപ്പോയേനെ എന്റെ പലകഥാപാത്രങ്ങളുടെയും വികാരങ്ങള്‍. ഓര്‍മകളുടെ ഗ്രാമഫോണില്‍നിന്ന് ഇന്നും പരന്നൊഴുകിക്കൊണ്ടേയിരിക്കുന്ന അത്തരം ഗാനങ്ങളുടെ നിരയിലേക്കാണ് 'ഒടിയനി'ലെ പാട്ടുകളും കടന്നുവരുന്നത്. റഫീഖ് അഹമ്മദും ലക്ഷ്മിശ്രീകുമാറുമാണ് വരികളെഴുതിയത്. സംഗീതം എം.ജയചന്ദ്രന്‍. വരിക ഈ ഈണങ്ങളിലൂടെ 'ഒടിയനി'ലേക്ക്...ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.