മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളും സ്ട്രീം ചെയ്യുന്നുണ്ട്.

എന്നാല്‍, പ്രൈമില്‍ സ്ട്രീം ചെയ്തതിന് തൊട്ടു പിറകേ ചിത്രത്തിന്റെ എച്ച്.ഡി നിലവാരമുള്ള പ്രിന്റുകള്‍ ചോര്‍ന്ന് ഇന്റര്‍നെറ്റിലെത്തി. വിവിധ ടോറന്റ് സൈറ്റുകളിലലും ടെലിഗ്രാം ഗ്രൂപ്പുകളിലും ഇപ്പോള്‍ ഈ എച്ച്.ഡി പ്രിന്റുകള്‍ ലഭ്യമാണ്. ഇത് വന്‍ തോതില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുമുണ്ട്.

ചിത്രം റിലീസ് ചെയ്ത് അമ്പത് ദിവസം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ ഇരുന്നൂറ് കോടി ക്ലബില്‍ പ്രവേശിച്ച് ചരിത്രം കുറിച്ച വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ദിവസം തന്നെയാണ് പ്രിന്റുകള്‍ ചോര്‍ന്നത്. നേരത്തെ ചിത്രത്തിന്റെ അത്ര നിലവാരമില്ലാത്ത വ്യാജ പതിപ്പുകള്‍ വിവിധ ടോറന്റ് സൈറ്റുകളില്‍ ലഭ്യമായിരുന്നു. ഇവയ്ക്കെതിരേ അണിയറ പ്രവർത്തകർ നടപടികൾ കൈക്കൊള്ളാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് നിലവാരമുള്ള വ്യാജ പ്രിന്റുകളും ഇന്റർനെറ്റിലെത്തിയിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 28നാണ് തിയ്യറ്ററുകളില്‍ റിലീസ് ചെയ്തത്. മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, സായി കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പൃഥ്വിരാജും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

Content Highlights: Mohanlal Movie Lucifer Directed by Prithviraj Leaked Online After Streaming in Amazon Prime