തിരുവനന്തപുരം: മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എ.എം.എം.എയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയായെന്ന് മന്ത്രി എ.കെ ബാലന്‍. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്തുമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയതായി മന്ത്രി പറഞ്ഞു. എ.എം.എം.എയുടെ ജനറല്‍ ബോഡി യോഗം വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു മോഹന്‍ലാലും സിനിമാ മന്ത്രി എ.കെ ബാലനുമായുള്ള കൂടിക്കാഴ്ച.

ഏകപക്ഷീയമായി തീരുമാനം എടുക്കില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു. വിദേശയാത്രക്കു ശേഷം ഡബ്ല്യു.സി.സി അംഗങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ദിലീപുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്തില്ലെന്നും മന്ത്രി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയില്‍ ആയിരുന്നു കൂടിക്കാഴ്ച.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിന്റെ പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ രാജിവച്ചത് വന്‍ വിവാദമായിരുന്നു. കൂടാതെ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനവും കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്.