കൊച്ചി: ഓണ്‍ലൈനില്‍ നടന്‍ മാമുക്കോയ മരിച്ചുവെന്ന വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ പോലീസ് കേസെടുക്കണമെന്ന് നടന്‍ മോഹന്‍ലാല്‍. ജീവിച്ചിരിക്കുന്ന സെലിബ്രിറ്റികളെ കൊല്ലുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്രവണതയ്‌ക്കെതിരെ തന്റെ പുതിയ ബ്‌ളോഗിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 'മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോ വൈകൃതം' എന്ന തലക്കെട്ടോടെയാണ് ബ്‌ളോഗ്.
         
''കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നവ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിച്ചു. നടന്‍ മാമുക്കോയ മരിച്ചു. വൃക്കരോഗമായിരുന്നു മരണ കാരണം എന്നുമുണ്ട്.  മാമുക്കോയയെ നേരിട്ടറിയുന്നവര്‍ നേരിട്ട് വിളിച്ചു. അദ്ദേഹത്തെ നേരിട്ടറിയാത്തവരും പരസ്പരം ഫോണ്‍ വിളി തുടങ്ങി. മാമുക്കോയ അപ്പോള്‍ വയനാട്ടില്‍ ആയിരുന്നു. സസുഖം ആരെയൊക്കെയോ ചിരിപ്പിച്ചും സ്വയം ചിരിച്ചും ഇരിക്കുന്നു. വിളിച്ച എല്ലാവരോടും അദ്ദേഹം ' ഞാന്‍ മരിച്ചു' എന്ന് കോഴിക്കോടന്‍ സ്‌റ്റൈലില്‍ പറഞ്ഞു. അതുകേട്ട് വിളിച്ചവര്‍ ചിരിച്ചു. ഫോണ്‍ വിളികള്‍ കൂടിയപ്പോള്‍ ഒടുവില്‍ മാമുക്കോയ ഫോണ്‍ ഓഫ് ചെയ്തു. ഈ ബഹളം അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി തുടര്‍ന്നു. അവസാനം ഒരു വെറും തമാശയില്‍ അത് അവസാനിച്ചു.  
      
എനിക്ക് ഈ കാര്യം വെറും തമാശയായി കണക്കാക്കാന്‍ സാധിച്ചില്ല. കാരണം ഞാന്‍ ഇതുപോലെ ഒരുപാട് തവണ മരിച്ചയാളാണ്. ഒരിക്കല്‍ ഞാന്‍ ഊട്ടിയില്‍ ഷൂട്ടിങ്ങിലായിരുന്നു. ആരോ എന്റെ വീട്ടില്‍ വിളിച്ചു പറഞ്ഞു, ഞാന്‍ ഒരു കാറപകടത്തില്‍ പെട്ട് മരിച്ചു എന്ന്. അന്ന് ഇന്നത്തെ പോലെ ഫോണ്‍ വ്യാപകമല്ല. എന്റെ അമ്മയും അച്ഛനും തിന്ന തീക്ക് ഒരു കണക്കുമില്ല.  ഇത്തരം വാര്‍ത്തകള്‍ പടച്ചുവിട്ട് വ്യക്തികളേയും സമൂഹത്തേയും വഴിതെറ്റിക്കുന്നവരെ ക്രിമിനലുകളായി കണക്കാക്കണം. അവരെ പിടികൂടണം''  മോഹന്‍ലാല്‍ ബ്‌ളോഗിലൂടെ വ്യക്തമാക്കുന്നു.