രു കോളേജില്‍ പുതുതായി ചുമതലയേല്‍ക്കുന്ന പ്രിന്‍സിപ്പലാണ് പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള. ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ പ്രൊഫ. മൈക്കിള്‍ ഇടിക്കുളയായി എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ലാല്‍ജോസും മോഹന്‍ലാലും ഒത്തുചേരുന്നത്. പ്രിയദര്‍ശന്റെ ചെപ്പിലാണ് ഇതിന് മുന്‍പ് മോഹന്‍ലാല്‍ ഒരു കോളേജ് ആധ്യാപകന്റെ വേഷം ചെയ്തത്.

പേരിട്ടിട്ടില്ലാത്ത ലാല്‍ ജോസ് ചിത്രത്തിന്റെ ചിത്രീകരണം മേയ് പതിനേഴിന് തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ആരംഭിക്കും. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധമാണ് ഏറെ രസാവഹമായി പ്രതിപാദിക്കുന്നത്. ഗുരുശിഷ്യബന്ധത്തിന്റെ മറ്റൊരു മുഖം. ബെന്നി പി. നായരമ്പലമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. അന്നാ രേഷ്മയാണ് (അങ്കമാലി ഫെയിം) ഈ ചിത്രത്തിലെ നായിക. പ്രിയങ്ക മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍, ശരണ്യ (അഷാനി രവി), അരുണ്‍ (ആനന്ദം ഫെയിം), സ്വപ്ന തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. വയലാര്‍ ശരത്ചന്ദ്രവര്‍മ, റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, അനില്‍ പനച്ചൂരാന്‍, മനു മഞ്ജിത്ത് എന്നിവരാണ്  ഗാനരചയിതാക്കള്‍. സംഗീതം ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം: വിഷ്ണു ശര്‍മ. മാക്‌സ് ലാബ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.