Mohanlal
ഫോട്ടോ: വി.പി.പ്രവീണ്‍കുമാര്‍

ദൃശ്യത്തിനുശേഷം മീനയും മോഹന്‍ലാലും വീണ്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായ് 11ന് ആരംഭിക്കും. വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബാണ് സിനിമ ഒരുക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ്.

വി.ജെ. ജെയിംസ് എഴുതിയ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കിയാണ് തിരക്കഥ വികസിപ്പിച്ചതെന്ന് തിരക്കഥാകൃത്ത് സിന്ധുരാജ് മാതൃഭൂമിയോട് പറഞ്ഞു. നര്‍മത്തില്‍ കലര്‍ന്ന കുടുംബകഥയാണ് സിനിമ പറയുന്നത്. ജിബുവിന്റെ മുന്‍സിനിമ പോലെ രാഷ്ട്രീയം ഇതില്‍ വിഷയമല്ലെന്നും സുന്ദര്‍രാജ് പറഞ്ഞു. 

ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റോളാണ് മോഹന്‍ലാല്‍ ചെയ്യുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായി ആനിയമ്മയാണ് മീന. ഉലഹന്നാന്റെ മകള്‍ ജിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐമാ സെബാസ്റ്റ്യനാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷത്തില്‍ അഭിനയിച്ചത് ഐമയായിരുന്നു. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചത് അന്‍സിബ ഹസനായിരുന്നു. ദൃശ്യം ഹിറ്റായതിന് പിന്നാലെ അന്‍സിബയ്ക്ക് നിരവധി ഓഫറുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. ഉലഹന്നാന്റെ മകന്‍ ജെറിയുടെ വേഷത്തിനായുള്ള കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടില്ല. 

പുള്ളിപുലികളും ആട്ടിന്‍കുട്ടിയും, പുതിയമുഖം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ സിന്ധുരാജ് ഇപ്പോള്‍ ലാല്‍ജോസ് സിനിമയുടെ എഴുത്തുകളുടെ തിരക്കിലാണ്.