ലയാളത്തിന്റെ നടനവിസ്മയം എന്നു വിശേഷിപ്പിക്കാറുണ്ട് മോഹന്‍ലാലിനെ. ലാല്‍ ഒരു നടനവിസ്മയം മാത്രമല്ല, ശബ്ദ വിസ്മയം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു നടന്‍ ജയറാം. ആ ശബ്ദത്തിന് നന്ദി പറയുക കൂടിയാണ് ജയറാം.

ലാലിന്റെ മാന്ത്രിക ശബ്ദമുള്ളതുകൊണ്ട് മാത്രമാണ് താന്‍ അഭിനയിക്കുന്ന ആകാശമിഠായി എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ ഇത്ര ഹിറ്റായതെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ജയറാം പറയുന്നു.

''മോഷന്‍ ടൈറ്റില്‍ ഇത്രയും ഹിറ്റാവാന്‍ കാരണം അതിന് പിന്നിലെ മാസ്മരിക ശബ്ദമാണ്. അത് മറ്റാരുമല്ല. മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാലാണ് അതിന് ശബ്ദം നല്‍കിയത്. ആകാശമിഠായിയുടെ ക്രൂ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. താങ്ക് യു ലാലേട്ടാ... താങ്ക് യു സോ മച്ച്. ആ മാജിക്കല്‍ വോയിസിന്.''-ജയറാം പറഞ്ഞു. 

ആകാശമിഠായിയുടെ മോഷൻ പോസ്റ്റർ കാണാം

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ വരികളാണ് മോഹന്‍ലാല്‍ മോഷന്‍ പോസ്റ്ററില്‍ പറയുന്നത്.

'അന്നേരം കേശവന്‍ നായരും സാറാമ്മയയും തങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിന് എന്തു പേരിടണമെന്ന് ആലോചിച്ചു. അവര്‍ ചെറിയ കടലാസു തുണ്ടുകളില്‍ പേരുകള്‍ എഴുതി. ഒന്ന് സാറാമ്മയും വേറൊന്ന് കേശവന്‍ നായരും എടുത്തു. കേശവന്‍ നായര്‍ കടലാസു കഷ്ണം വിതുര്‍ത്തു നോക്കി പ്രഖ്യാനം ചെയ്തു: മിഠായി. സാറാമ്മയും വിതുര്‍ത്തു നോക്കി പതിയെ പറഞ്ഞു: ആകാശം. ഒടുവില്‍ അവര്‍ ഉറപ്പിച്ചു ആകാശമിഠായി'.-ലാലിന്റെ പതിഞ്ഞ സ്വരത്തിലുള്ള ബഷീർ വാക്യം തീരുന്നിടത്താണ് ചിത്രത്തിന്റെ ടൈറ്റില്‍ തെളിയുന്നത്.

സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ആകാശമിഠായി. സമുദ്രക്കനി തന്നെ തമിഴില്‍ സംവിധാനം ചെയ്ത് അഭിനയിച്ച അപ്പ എന്ന ചിത്രത്തിന്റെ റീമേക്കാണിത്. തമിഴില്‍ സമുദ്രക്കനി ചെയ്ത വേഷമാണ് മലയാളത്തില്‍ ജയറാം അഭിനയിക്കുന്നത്.

വരലക്ഷ്മി ശരത്കുമാറാണ് നായിക. ഇനിയ, ഇര്‍ഷാദ്, നന്ദന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.