തിരനോട്ടത്തില്‍ നിന്ന് തുടങ്ങി വാനപ്രസ്ഥം വരെ എത്തിയ യാത്ര. ദേശീയ പുരസ്‌കാരമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍, മോഹന്‍ലാലിനെക്കുറിച്ച് ദൂരദര്‍ശന്‍ ഒരുക്കിയ 'താരങ്ങളുടെ താരം മോഹൻലാൽ' എന്ന ഡോക്യുമെന്ററി ശ്രദ്ധനേടുന്നു. ഏകദേശം 25 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ദൃശ്യങ്ങള്‍ ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്.

മോഹന്‍ലാലിന്റെ ബാല്യകാലം മുതല്‍ ദേശീയ സിനിമാതാരപദവിയിലേക്കുള്ള യാത്രയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുകയാണ് ഈ ഡോക്യുമെന്ററി. എം.ടി വാസുദേവന്‍ നായര്‍, ഷാജി എന്‍. കരുണ്‍, ഫാസില്‍, പ്രിയദര്‍ശന്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെക്കുറിച്ചും നടനെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നു. 

മോഡല്‍ ബോയ്‌സ് സ്‌കൂളിലെ പഠനകാലം, നാടക പ്രവര്‍ത്തനം, എം.ജി കോളേജിലെ കലാലയ ജീവിതം, ആദ്യ ചിത്രമായ തിരനോട്ടം തുടങ്ങി ഒട്ടേറെ ഓര്‍മകള്‍ മോഹന്‍ലാല്‍ ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നു. നടന്‍ നെടുമുടിയാണ് മോഹന്‍ലാലിനെ ഡോക്യുമെന്ററിയ്ക്കായി അഭിമുഖം ചെയ്യുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

Content Highlights: Mohanlal Interview, Doordarshan, Rare Footage