ഗുരുവായൂര്‍: ലോക്ഡൗണില്‍ വീട്ടിലിരുന്ന് മടുത്തപ്പോള്‍ ഹരികൃഷ്ണന്‍ വെറുതെയൊന്നു വരച്ചതായിരുന്നു മോഹന്‍ലാലിന്റെ 'ലൂസിഫര്‍' ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രചിത്രം. എന്നാല്‍, ചിത്രം കണ്ട് അഭിനന്ദിക്കാന്‍ മോഹന്‍ലാല്‍ ശബ്ദസന്ദേശം അയച്ചതിന്റെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. സൂപ്പര്‍സ്റ്റാറിന്റെ സന്ദേശം സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നു.

ഗുരുവായൂര്‍ ഇരിങ്ങപ്പുറം കാരയില്‍ പ്രേമദാസന്റെ മകനാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഹരികൃഷ്ണന്‍. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ്. 'ലൂസിഫര്‍' ചിത്രം പലതവണ കണ്ടു. അന്നുമുതല്‍ തോന്നിയതാണ് ലൂസിഫറെ വരയ്ക്കണമെന്ന്. പോളിക്രോംസ് പെന്‍സിലുകള്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ചു.

ലോക്ഡൗണ്‍ ആയപ്പോഴാണ് വരയ്ക്കാനുള്ള സമയം കിട്ടിയത്. ചിത്രം പൂര്‍ത്തിയായപ്പോള്‍ പാവറട്ടിയിലുള്ള ബാജിയോ എന്ന സുഹൃത്തിന് വാട്സ്ആപ്പ് ചെയ്തു. ബാജിയോ വഴിയാണ് ചിത്രം മോഹന്‍ലാലിനെത്തുന്നത്. ഹരികൃഷ്ണന്റെ ഫോണ്‍ നമ്പറും അയച്ചുകൊടുത്തിരുന്നു. പക്ഷേ, ആ നമ്പറില്‍ മോഹന്‍ലാല്‍ ശബ്ദസന്ദേശം അയയ്ക്കുമെന്ന് കരുതിയില്ല.

'ഹലോ...ഹരികൃഷ്ണന്‍... ലൂസിഫറുടെ ചിത്രം വളരെ നന്നായിരിക്കുന്നു. ചിത്രംവര പഠിച്ചിട്ടുണ്ടോ..? ഇനിയും കൂടുതല്‍ വരയ്ക്കണം... അഭിനന്ദനങ്ങള്‍...' ഇങ്ങനെ പോകുന്നു ശബ്ദസന്ദേശം. ശബ്ദസന്ദേശം ആദ്യം കൂട്ടുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കിട്ടു. പിന്നീട് മറ്റു ഗ്രൂപ്പുകളിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ പടര്‍ന്നുകയറി.

Content Highlights : mohanlal congratulates an artist in thrissur for lucifer drawing