പുതിയ വര്‍ഷം പുതിയ തീരുമാനങ്ങളുടെയും പുതിയ സ്വപ്‌നങ്ങളുടെയും തിരക്കിലാവും എല്ലാവരും. മോഹന്‍ലാലിനുമുണ്ട് ഒരു സ്വപ്നം. ലാല്‍ ചിന്തിക്കുന്നത് മുന്തിരിവള്ളികളെക്കുറിച്ചോ ന്യൂയോര്‍ക്കില്‍ കണ്ട കാഴ്ചകളെക്കുറിച്ചോ അല്ല. നമ്മുടെ കുട്ടികളെക്കുറിച്ചാണ്. കുഞ്ഞുങ്ങള്‍ക്കെതിരായ പീഡനങ്ങളില്ലാത്ത ഒരു ലോകമായിരിക്കണം നമ്മുടെ സ്വപ്‌നമെന്ന് പറയുന്നു ലാലേട്ടന്‍. അവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചാണ്. നമ്മുടെ കുട്ടികള്‍ക്ക് ചുറ്റുമുള്ള നമ്മുടെ ശ്രദ്ധയുടെ ലോകം വലുതാക്കേണ്ടിയിരിക്കുന്നു. ടി.ആര്‍. രതീഷ് സംവിധാനം ചെയ്ത ഹാപ്പി ന്യൂ ഇയര്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ഹൃദയസ്പര്‍ശിയായ ടീസറിലാണ് സന്ദേശവുമായി മോഹലാല്‍ എത്തുന്നത്. ഐ സപ്പോര്‍ട്ട് ലാലേട്ടന്‍ എഗെയ്ന്‍സ്റ്റ് ചൈല്‍ഡ് അബ്യൂസ് എന്ന മറ്റ് താരങ്ങളുടെ പിന്തുണപ്രഖ്യാപനത്തിലൂടെയാണ് ടീസറിന് തിരശ്ശീല വീഴുന്നത്. കഞ്ചാക്കോ ബോബന്‍, കാവ്യ മാധവന്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍, ശ്വേത മേനോന്‍, സനൂഷ, നാദിര്‍ഷ, ശ്രുതിലക്ഷ്മി, പേളി മാണി, മേനക, കനിഹ, ലക്ഷ്മി ഗോപാലസ്വാമി, മിയ, അപര്‍ണ എന്നിവരാണ് ലാലിന്റെ പിന്തുണയുമായി എത്തുന്നത്.

കെ.എന്‍. ദില്‍ജിത്തും ആതിര ദില്‍ജിത്തും ചേര്‍ന്നാണ് ഹ്രസ്വചിത്രം നിര്‍മിച്ചത്.