പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിനെ പരോക്ഷമായി വിമര്‍ശിച്ച് പ്രമുഖ മനഃശാസ്ത്രജ്ഞന്‍ ഡോ.സി.ജെ.ജോണ്‍. എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും, മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടന്‍ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി എന്നാണ് ഡോക്ടറുടെ ഫെയ്‌സ്ബുക്കില്‍ പറയുന്നത്. അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമോയെന്നും ഈ കക്ഷിയുടെ വമ്പന്‍ പടത്തിനായി കാത്തിരിക്കാമെന്നും കിട്ടുന്ന എല്ലാ അവസരത്തിലും താര പരിവേഷത്തിന്റെ കാറ്റടിച്ച് കയറ്റി ഇതൊരു മഹാ സംഭവമെന്ന വിധത്തില്‍ പ്രോമോ തകര്‍ക്കുന്നുണ്ടെന്നും സി.ജെ ജോണിന്റെ കുറിപ്പില്‍ പറയുന്നു. ഫിഗര്‍ നിലനിര്‍ത്താനായി പേശി ചുളിവ് മാറ്റുന്ന കുത്തിവെയ്പ്പെടുത്തും, കൊഴുപ്പ് കുത്തിക്കളഞ്ഞും വണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്തിയും സൂപ്പര്‍ താരങ്ങള്‍ പെടാപാടുപെടുന്നതിനെയും കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്. 

മോഹന്‍ലാലിനെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള മോഹന്‍ലാലിന്റെ മെയ്‌ക്കോവര്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ മുപ്പതുകാരന്‍ ഒടിയന്‍ മാണിക്യനാകാന്‍ മോഹന്‍ലാല്‍ ശരീരഭാരം കുറയ്ക്കുകയും മറ്റും ചെയ്തിരുന്നു.  

ഡോക്ടര്‍ സി.ജെ.ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം : 

അഭിനയം തൊഴിലാക്കിയവര്‍ക്ക് ഫിഗര്‍ നില നിര്‍ത്തേണ്ടത് ആവശ്യമാണ്.നായികാ നായക വേഷങ്ങള്‍ കൈയാളുന്നവര്‍ യൗവ്വനം തോന്നിപ്പിക്കുന്ന വിധത്തില്‍ പ്രായത്തെ ഒളിപ്പിക്കണം. അമിതാഭ് ബച്ചനെ പോലെ പ്രായത്തിനു ചേര്‍ന്ന വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണം. പേശി ചുളിവ് മാറ്റുന്ന കുത്തി വയ്പ്പെടുത്തും, കൊഴുപ്പ് കുത്തി കളഞ്ഞുമൊക്കെ മുഖം ശരിയാക്കും,വയറു കുറയ്ക്കാനും, വണ്ണം മിതപ്പെടുത്താനും ശസ്ത്രക്രിയ മുതല്‍ വ്യായാമം വരെയുണ്ട്.

പ്രേക്ഷകരെ സന്തോഷിപ്പിക്കാനും, സ്വന്തം മനസ്സില്‍ ഉള്ള ബോഡി ഇമേജ് അനുസരിച്ചു ശരീരത്തെ രൂപപ്പെടുത്താനും സൂപ്പര്‍ താരങ്ങള്‍ പെടാപ്പാടു പെടുന്നുണ്ട്. എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും, മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടന്‍ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി.അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമായോ ആവോ?ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ല.ഈ കക്ഷിയുടെ വമ്പന്‍ പടത്തിനായി കാത്തിരിക്കാം.കിട്ടുന്ന എല്ലാ അവസരത്തിലും താര പരിവേഷത്തിന്റെ കാറ്റടിച്ചു കയറ്റി ഇതൊരു മഹാ സംഭവമെന്ന വിധത്തില്‍ പ്രോമോ തകര്‍ക്കുന്നുണ്ട്.നന്നായി വരട്ടെ.

mohanlal

Content Highlights : mohanlal birthday dr cj john facebook post criticize mohanlal odiyan makeover