Mohanlal
സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത യുവതികളെക്കുറിച്ചുള്ള വാർത്തകളുടെ ഞെട്ടലിലാണ് സംസ്ഥാനം. സ്ത്രീധന പീഡനങ്ങളും മരണങ്ങളും ചർച്ചയാകുന്ന വേളയിൽ സ്ത്രീധനത്തിനെതിരെയുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന ആറാട്ട് എന്ന തന്റെ പുതിയ ചിത്രത്തിലെ ഒരു രംഗമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.
"സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ.." എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
"മക്കളേ, നിങ്ങൾ വിഷമിക്കേണ്ട കേട്ടാ, നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണൻ ഉണ്ട്. കല്യാണമല്ല പെൺകുട്ടികൾക്ക് ഒരേയൊരു ലക്ഷ്യം, വേണ്ടത് സ്വയംപര്യാപ്തതയാണ്. തുല്യതയുള്ള രണ്ട് പേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം. അത് കണക്ക് പറയുന്ന കച്ചവടമല്ല, സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്." ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ നെയ്യാറ്റിൻകര ഗോപൻ പറയുന്ന വാക്കുകളാണിത്.
ഉദയ്കൃഷ്ണയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു.
സംഗീതമാന്ത്രികൻ എ. ആർ റഹ്മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. ഒരു കോമഡി ആക്ഷൻ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.
2021 ഒക്ടോബർ 14 ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും
content highlights : Mohanlal B Unnikrishnan movie Aarattu scene against dowry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..