തിരുവനന്തപുരം: വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ ചലച്ചിത്ര പുരസ്‌കാരവേദിയില്‍ എത്തി. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോഹന്‍ലാല്‍ എത്തിയത്. തിരുവനന്തപുരം കനകക്കുന്നിലാണ് ചടങ്ങ്.

മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട്  ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരുമുള്‍പ്പടെ 105 പേര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ ക്ഷണിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

എന്നാല്‍ മോഹന്‍ലാലിനെ ബഹിഷ്‌കരിക്കണം എന്ന തരത്തില്‍ ഉടലെടുത്ത വിവാദങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നും പുരസ്‌കാരദാന ചടങ്ങില്‍ ഒരു മുഖ്യതിഥിയെ വിളിക്കണമെന്ന സര്‍ക്കാര്‍ നയത്തെയാണ് തങ്ങള്‍ കത്തില്‍ ചോദ്യം ചെയ്തതെന്നും വ്യക്തമാക്കി കത്തില്‍ ഒപ്പിട്ട ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. 

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ചടങ്ങുകൾ നടക്കുന്നത്. വേദിയിൽ തിരക്കഥാകൃത്ത്കൂടിയായിരുന്ന കലൈഞ്ജരുടെ വലിയ ഛായാചിത്രം സ്ഥാപിച്ചിട്ടുണ്ട്.

Content Highlights: mohanlal attends kerala state film award ceremony pinarayi vijayan ak balan