കൊച്ചി: എഎംഎംഎയില്‍നിന്ന് പുറത്തുപോയ നടിമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദുബായില്‍ എഎംഎംഎ നടത്തുന്ന ഷോയെ കുറിച്ചും മറ്റും സംസാരിക്കാനാണ് ഇന്ന് യോഗം ചേര്‍ന്നതെന്നും നടിമാരെ തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങളാന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

ദിലീപിനെ തിരിച്ചെടുക്കാനുള്ള ജനറല്‍ ബോഡി തീരുമാനം വന്നതിനു ശേഷം ആക്രമിക്കപ്പെട്ട നടിയും പത്മപ്രിയ, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരുമാണ് എഎംഎംഎയില്‍ നിന്ന് രാജിവെച്ചത്. മാപ്പ് പറഞ്ഞാലേ പുറത്തുപോയവരെ തിരിച്ചെടുക്കൂ എന്ന് വ്യക്തമാക്കി എക്‌സിക്യൂട്ടീവ് അംഗം സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, രാജിവെച്ചവര്‍ വന്നാല്‍ തിരിച്ചെടുക്കുമെന്നാണ് ഇന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. മാപ്പ് എഴുതി തരണമെന്നൊന്നും പറഞ്ഞിട്ടില്ല. മാപ്പൊക്കെ വളരെ അത്യാവശ്യമായി ഉപയോഗിക്കാനുള്ള കാര്യമല്ലേയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ അദ്ദേഹം ചോദിച്ചു.

സിനിമാ സംഘടനകളില്‍ പരാതിപരിഹാര സമിതി വേണമെന്ന് ആവശ്യപ്പെട്ട് എഎംഎംഎ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കെതിരെ ഡബ്ല്യുസിസി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് ഗണേശ് കുമാര്‍ പറഞ്ഞു. എല്ലാ സംഘടനകള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. അതിനായി വക്കീലിനെ വെച്ചിട്ടുണ്ട്. കൃത്യമായ മറുപടി വക്കീല്‍ കോടതിയില്‍ നല്‍കും. അഡ്വക്കേറ്റ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാകും എഎംഎംഎ തുടര്‍നടപടികള്‍ എടുക്കുക ഗണേശ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പരാതിപരിഹാര സമിതിയുടെ കാര്യത്തില്‍ നിയമപരമായ എല്ലാ കാര്യങ്ങളും നടപ്പിലാക്കുമെന്ന് ട്രഷറര്‍ ജഗദീഷ് വ്യക്തമാക്കി. സമിതി വേണമെന്ന നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതായും ജഗദീഷ് പറഞ്ഞു. ഡബ്ല്യുസിസിയ്ക്ക് വേണ്ടി നടി റിമ കല്ലിങ്കലാണ് പരാതിപരിഹാര സമിതി സമിതി വേണമെന്ന് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

 

Content highlights :Mohanlal at AMMA executive meeting about WCC actresses,