ബോർഡ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിനായക് എം. മാലിൽ എന്ന മിടുക്കനെ അഭിനന്ദിച്ച് മോഹൻലാൽ. നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിലെ നിന്നുള്ള വിനായക് സി.ബി.എസ്.ഇ. പ്ളസ് ടു പരീക്ഷയിൽ കൊമേഴ്‌സ് വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥിയാണ്. 500-ൽ 493 മാർക്കാണ് വിനായകിന് ലഭിച്ചത്. മൂന്ന് വിഷയത്തിൽ മുഴുവൻ മാർക്കും ലഭിച്ചു.
വിജയത്തിന്റെ സന്തോഷത്തിൽ, വിനായകിനെ തേടി ഒരാളുടെ ഫോൺ കോളെത്തി. ഹലോ മോനേ, എന്ന് പറഞ്ഞപ്പോൾ തന്നെ വിനായക് ആ ശബ്ദത്തെ തിരിച്ചറിഞ്ഞിരുന്നു. സാക്ഷാൽ മോഹൻലാലായിരുന്നു അത്.
വിനായകിന്റെ തുടർപഠനത്തിന് എല്ലാ സഹായവും നൽകുമെന്ന് മോഹൻലാൽ പറഞ്ഞു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞ മോഹൻലാൽ, വിനായകിന്റെ മാതാപിതാക്കൾക്കും ആശംസകൾ നേർന്നു.
മോഹൻലാലിന്റെ വിശ്വ ശാന്തി ഫൗണ്ടേഷൻ നേരത്തേ തന്നെ തുടർപഠനത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു.
വിനായകിനെ മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചിരുന്നു. ജൂലെെ 26 ന് ആകാശവാണിയിലൂടെയുള്ള പ്രഭാഷണത്തിനിടെയാണ് കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലിരുന്ന് വിനായക് പ്രധാനമന്ത്രിയോടു സംസാരിച്ചത്.
പ്രതിസന്ധികളോടു പൊരുതിനേടിയ വിജയമാണ് വിനായകിന്റേത്. തൊടുപുഴ മടക്കത്താനം മണിയന്തടത്ത് മാലിൽ വീട്ടിൽ മനോജിന്റെയും തങ്കമ്മയുടെയും മകനാണ്. വിഷ്ണുപ്രസാദാണ് സഹോദരൻ.
Content Highlights: Mohanlal appreciate, Vinayak topper of CBSE examination plus two Thodupuzha