മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. അതിഥിയായെത്തിയ പൃഥ്വിരാജ് മോഹന്‍ലാലിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവയ്ച്ചു.

പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ മോഹന്‍ലാലിനെപ്പോലെയുള്ള ഒരു വലിയ താരത്തെ വച്ച് സിനിമ ചെയ്യാനായതില്‍ തനിക്ക് അഭിമാനം ഉണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. മനസ്സില്‍ വിചാരിച്ച പോലെ കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

'ലൂസിഫറിനെക്കുറിച്ച് പറയുകയാണെങ്കില്‍ വിധിയെഴുതേണ്ടത് പ്രേക്ഷകരാണ്. എന്നാല്‍ ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ ഞാന്‍ തൃപ്തനാണ്. സിനിമയുടെ ഷൂട്ടിങ് തീര്‍ന്ന ശേഷം ലാലേട്ടന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. എന്നാല്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ കൊണ്ട് മാത്രം സിനിമയെ വിലയിരുത്താനാകില്ല.' 

സിനിമയുടെ ചിത്രീകരണത്തിനിടയിലുണ്ടായ രസകരമായ ഒരു സംഭവത്തെക്കുറിച്ചും പൃഥ്വിരാജ് മനസ്സു തുറന്നു. 

'ഷൂട്ടിങ് തുടങ്ങുന്ന ദിവസം ഫസ്റ്റ് ഷോട്ടിന് മുന്‍പ് ലാലേട്ടന്‍ എന്നോട് ചോദിച്ചു, 'സാര്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത്'. ലാലേട്ടന്റെ അടുത്തേക്ക് എഴുന്നറ്റ് പോകുന്നതിനും മുന്‍പ് ഞാന്‍ മുരളിയോട് (മുരളി ഗോപി) ചോദിച്ചു, 'എന്നെ ടെസ്റ്റ് ചെയ്യുകയാണോ?'.

ലാലേട്ടന് എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായി അറിയാം. പക്ഷേ സംവിധായകന്റെ കാഴ്ചപ്പാട് എന്താണ് എന്ന് അദ്ദേഹത്തിന് അറിയണം. അതിന് ശേഷമാണ് ലാലേട്ടന്റെ മാജിക്. ആ മാജിക് ലൂസിഫറിലും പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കട്ടെ എന്ന് പ്രതീക്ഷിക്കാം'- പൃഥ്വിരാജ് പറഞ്ഞു.

Content Highlights: mohanlal and prithviraj sukumaran about lucifer movie facebook live