തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡിനെതിരേ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. പൊതുജന മധ്യത്തില്‍ തനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജിനെതിരേയാണ് ലാല്‍ വക്കീല്‍ നോട്ടീസയച്ചത്.
തനിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ശോഭന ജോര്‍ജ് മാപ്പ് പറയണമെന്നും മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നല്‍കാന്‍ തയ്യാറാകണമെന്നും ലാല്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അമ്പത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചതോടെയാണു വിവാദങ്ങളുടെ തുടക്കം. പരസ്യത്തില്‍ മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന രംഗത്തില്‍ അഭിനയിച്ചിരുന്നു. ഇതിനെതിരേ ഖാദി ബോര്‍ഡ് നോട്ടീസ് അയച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ഈ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദിബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തി പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
'മോഹന്‍ലാല്‍ ശക്തനാണ്; പാവങ്ങള്‍ ജോലി ചെയ്യുന്ന ഖാദിക്ക് അദ്ദേഹത്തോട് യുദ്ധം ചെയ്യാനാകില്ല'
തുടര്‍ന്ന് സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിച്ചു. മാസങ്ങള്‍ക്കു ശേഷമാണു മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടിസ് ഖാദി ബോര്‍ഡിനു ലഭിക്കുന്നത്. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടേി പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്ന് നോട്ടീസില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. 50 കോടി നല്‍കാനുള്ള ശേഷി ഖാദി ബോര്‍ഡിനില്ല. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിനു വക്കീല്‍ നോട്ടിസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ഥനയുടെ രൂപത്തിലാണു നോട്ടിസ് അയച്ചതെന്ന് ശോഭന ജോര്‍ജ് പറയുന്നു.