സംവിധായകന്‍ തമ്പി കണ്ണന്താനത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. എന്നെ 'രാജാവിന്റെ മകന്‍ ' എന്ന് ആദ്യം വിളിച്ചയാള്‍.... എന്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകന്‍..... പ്രിയപ്പെട്ട തമ്പി കണ്ണന്താനം..... കണ്ണീരോടെ വിട! മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

d

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു രാജാവിന്റെ മകന്‍. മോഹന്‍ലാലിന് സൂപ്പര്‍ താര പദവി കൊടുത്തത് ഈ ചിത്രമായിരുന്നു. തമ്പി കണ്ണന്താനത്തിന്റെയും കരിയറിലെ വലിയ ബ്രേക്കായിരുന്നു രാജാവിന്റെ മകന്‍. പ്രണവ് മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയും സംവിധാനം ചെയ്തത് തമ്പി കണ്ണന്താനമായിരുന്നു.

സംവിധായകനും നിര്‍മാതാവും നടനുമായ തമ്പി കണ്ണന്താനം ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്തരിച്ചത്. 65 വയസ്സായിരുന്നു. 80-90 കാലഘട്ടങ്ങളില്‍ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്നു തമ്പി കണ്ണന്താനം. 1983 ല്‍ പുറത്തിറങ്ങിയ താവളം എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 

നടന്‍ മോഹന്‍ലാലിന് സൂപ്പര്‍ സ്റ്റാര്‍ പദവി നേടി കൊടുത്ത രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, വഴിയോരക്കാഴ്ചകള്‍, മാന്ത്രികം തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മമ്മൂട്ടിയും സുരേഷ് ഗോപിയും, മുകേഷും അടക്കമുള്ളവരും അദ്ദേഹത്തിന്റെ സിനിമകളില്‍ നായകന്മാരായി അഭിനയിച്ചു.

2004-ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആയിരുന്നു അവസാനമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

ContentHighlights: Actormohanlal, thambi kanamthanam demise, rajavinte makan, pranav mohanlal, onnaman