എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥ രചിച്ച രണ്ടാമൂഴം എന്ന ചിത്രത്തില്‍ ഭീമനായി അഭിനയിക്കുമെന്നു താനൊരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പലതും വന്നിരുന്നു. എന്നാല്‍ ചിത്രം യാഥാര്‍ഥ്യമാകുമോ എന്ന കാര്യം മറ്റുള്ളവരെ പോലെ തനിക്കും ചോദ്യ ചിഹ്നമാണെന്ന് മോഹൻലാൽ വ്യക്തമാക്കി.

പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകന്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

"ഇതൊരു വലിയ ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു. സിനിമയെന്നത് സംഭവിക്കുന്ന ഒരു കാര്യമാണ്. ഞാന്‍ രണ്ടാമൂഴത്തില്‍ ഭീമനായി അഭിനയിക്കുന്നു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഒരുപാട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതൊരു വലിയ ചോദ്യചിഹ്നമാണ്. അത് സംഭവിക്കട്ടെ. 

അത് കഴിഞ്ഞ് ആ സെറ്റില്‍ പോയി അഭിനയിച്ചു തുടങ്ങുമ്പോഴേ ഞാന്‍ അതില്‍ അഭിനയിച്ചു എന്നെനിക്ക് പറയാനാകൂ. ചില തെറ്റിദ്ധാരണകള്‍ വന്നിട്ടുണ്ട്, അത് പരിഹരിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അത് നടക്കട്ടെ എന്നേ പറയാനുള്ളൂ. അല്ലാതെ നടക്കാന്‍ പോകുകയാണെന്നോ നടക്കില്ലെന്നോ എനിക്ക് നിങ്ങളോട് പറയാനാകില്ല.അതിനുള്ള അധികാരമോ അറിവോ തയ്യാറെടുപ്പോ എനിക്കില്ല"- മോഹന്‍ലാല്‍ പറഞ്ഞു. 

ലൂസിഫറിനെക്കുറിച്ചുളള പ്രതീക്ഷകളും താരം പങ്കുവച്ചു. പൃഥ്വിരാജ് എന്ന സംവിധായകനില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ലൂസിഫര്‍ വലിയ വിജയമായി തീരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

'40 വര്‍ഷങ്ങളായി ഞാന്‍ സിനിമയില്‍ വന്നിട്ട്. സിനിമയെ സ്നേഹിക്കുന്ന ഒരുപാട് ആളുകളെ ഈ യാത്രയില്‍ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പൃഥ്വിയെ എനിക്ക് കുട്ടിക്കാലം മുതല്‍ അറിയാം. മുരളിയും പൃഥ്വിയും എന്നോട് കഥ പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യാമെന്ന് ഞാന്‍ ഏല്‍ക്കുകയായിരുന്നു. വലിയ അവകാശവാദങ്ങളൊന്നും ഞാന്‍ മുന്നോട്ട് വയ്ക്കുന്നില്ല. എല്ലാ സിനിമകളും നന്നാകണം എന്ന് കരുതിയാണ് ചെയ്യുന്നത്. ചിലത് വിജയമാകും മറ്റു ചിലത് പരാജയപ്പെടും. എന്നാല്‍ ലൂസിഫറില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്'- മോഹന്‍ലാല്‍ പറഞ്ഞു. 

Content Highlights : Mohanlal about Randamoozham Lucifer Promotions Prithviraj Murali Gopy Manji Warrier