-
രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ രംഗം പോലെ ഫോട്ടോഗ്രാഫര്‍മാരെ ഇപ്പോള്‍ പേടിപ്പിക്കാന്‍ പറ്റില്ലെന്നും ഫോട്ടോയെടുക്കുകയാണെങ്കില്‍ നിന്നു കൊടുക്കാനേ പറ്റൂവെന്നും മോഹന്‍ലാല്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ മോഹന്‍ലാല്‍ എത്തിയ ദശാവതാരം എന്ന പരിപാടിക്കിടെയാണ് ലാലിന്റെ രസകരമായ ഈ കമന്റ്.
തമ്പി കണ്ണന്താനം-മോഹന്‍ലാല്‍-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പുറത്തു വന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് രാജാവിന്റെ മകന്‍. ദശാവതാരം എന്ന പരിപാടിയില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ പത്ത് കഥാപാത്രങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുണ്ടായി. പരിപാടിക്കിടെ രാജാവിന്റെ മകനില്‍ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം തന്റെ ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫറെ തുറിച്ചു നോക്കുന്ന രംഗം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ആ നോട്ടത്തില്‍ പതറിപ്പോകുന്ന ഫോട്ടോഗ്രാഫര്‍ ഫോട്ടോയുടെ പ്രിന്റ് അപ്പോള്‍ തന്നെ നശിപ്പിക്കുന്നു. ഇപ്പോള്‍ ഇങ്ങനെ ആരെങ്കിലും അടുത്തേക്കു വരാറുണ്ടോ എന്നും ഇത്തരത്തില്‍ പ്രകോപിപ്പിക്കാറുണ്ടോ എന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോഹന്‍ലാല്‍.
'രാജാവിന്റെ മകന്‍ ഇന്നും ആളുകള്‍ കാണുന്ന സിനിമയാണ്. ഈ രംഗം അതിലെ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം ആരാണെന്ന് കാണിച്ചു തരുന്ന ഒന്നാണ്. പഴയ കാലത്തെ സംവിധായകര്‍ പലരും സ്‌ക്രിപ്റ്റ് എഴുതാറില്ല, അവരുടെ മനസിലായിരിക്കും സ്‌ക്രിപ്റ്റ്. പക്ഷേ സിനിമയെന്താണെന്ന് അവര്‍ക്കറിയാം. അത് നമുക്ക് പറഞ്ഞ് മനസ്സിലാക്കി തരികയും ചെയ്യും. അങ്ങനെ ആ കഥയുമായി താദാത്മ്യം പ്രാപിക്കുക എന്നതാണല്ലോ ഒരു നടന്റെ ധര്‍മം. ആ സിനിമയിലെ ഡയലോഗുകള്‍ ഇന്നും ആളുകള്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍ അത് സ്‌ക്രിപ്റ്റിങ്ങിന്റെ ഗുണം തന്നെയാണ്' മോഹന്‍ലാല്‍ പറഞ്ഞു.
ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാമെന്ന് തമ്പി കണ്ണന്താനം പറഞ്ഞപ്പോള്‍ അത് ശരിയാകുമോ എന്ന് സംശയമുണ്ടായിരുന്നതായി തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് വെളിപ്പെടുത്തി. പരിപാടിയ്ക്കിടെയാണ് ഡെന്നീസ് ജോസഫ് ചിത്രത്തെക്കുറിച്ച് പറയുന്ന വീഡിയോ പ്രേക്ഷകര്‍ കണ്ടത്.
'രാജാവിന്റെ മകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ ശരിയാകുമോ എന്നെനിക്ക് നൂറു ശതമാനം സംശയമുണ്ടായിരുന്നു. പക്ഷേ സംവിധായകന്‍ തമ്പി കണ്ണന്താനത്തിന് അദ്ദേഹത്തെ വിശ്വാസമായിരുന്നു. സ്‌ക്രിപ്റ്റ് എഴുതി തീരുന്നതു വരെ ഞാന്‍ മോഹന്‍ലാലിനെ നേരില്‍ കണ്ടിട്ടേയില്ലായിരുന്നു. എറണാകുളത്താണ് അന്ന് താമസിച്ചിരുന്നത്. ഇന്നത്തെ പിവിഎസ് ആശുപത്രി അന്നത്തെ കല്പക ടൂറിസ്റ്റ് ഹോം എന്ന ഹോട്ടലാണ്. അവിടെ പദ്മരാജന്‍ സാറിന്റെ ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിന്റെ ഷൂട്ട് നടക്കുകയാണ്. ആ സെറ്റിലേക്കാണ് മോഹന്‍ലാലിനെ കണ്ടു സംസാരിക്കാനായി ഞങ്ങളിരുവരും ചെന്നത്. കഥ കേള്‍ക്കാന്‍ പോലും നിന്നില്ല. ലാല്‍ അഭിനയിക്കാമെന്നേല്‍ക്കുകയായിരുന്നു.' ഡെന്നീസ് ജോസഫ് പറഞ്ഞു.
Content Highlights : mohanlal about rajavinte makan movie at mbifl 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..