മോഹൻലാലിനും പ്രിയദർശനുമൊപ്പം
ഞെട്ടലോടെയാണ് ചില പ്രഭാതങ്ങൾ നമ്മെ വന്നുതൊടുന്നത്. അത്തരത്തിലൊന്നായിരുന്നു വെള്ളിയാഴ്ചയിലേത്. മഴയിൽക്കുളിച്ച തൊടുപുഴയിലിരുന്നുകൊണ്ട് ഞാനും ആ വാർത്തകേട്ടു-പ്രതാപ് പോത്തൻ പോയി. എന്നെക്കാൾ മുമ്പ് സിനിമയിൽ വന്നയാളായിരുന്നു പ്രതാപ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ഹരി പോത്തനുമായിട്ടായിരുന്നു വ്യക്തിപരമായി എനിക്കേറെ അടുപ്പം. എങ്കിലും പ്രതാപ് എപ്പോഴും എന്റെ ജീവിതവുമായും സിനിമയുമായും ചേർന്നുനിന്നു.
ഞാൻ ഏറ്റവും ആദരിക്കുന്ന ശിവാജി ഗണേശൻ എന്ന നടനൊപ്പം അഭിനയിക്കാൻ എനിക്ക് അവസരംലഭിച്ചത് പ്രതാപ് പോത്തനിലൂടെയായിരുന്നു. ‘ഒരു യാത്രാമൊഴി’ എന്ന സിനിമയിൽ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമായിരുന്നു ഞങ്ങൾ ഒരുമിച്ച് ജോലിചെയ്തത്. അത്തരമൊരു അവസരംതന്നതിന് പ്രതാപ് പോത്തൻ എന്ന സംവിധായകനോടും സുഹൃത്തിനോടും ഞാനെന്നും നന്ദിയുള്ളവനാണ്. ചെന്നൈയിൽനിന്ന് ഞങ്ങൾ നിരന്തരം കാണാറുണ്ടായിരുന്നു. നല്ല ബുദ്ധിശക്തിയുള്ളയാളും അത്രതന്നെ നിഷ്കളങ്കനുമായിരുന്നു അദ്ദേഹം. എന്തും തുറന്നുപറയുമായിരുന്നു. പ്രതാപിനോടൊപ്പമുള്ള നിമിഷങ്ങൾ എപ്പോഴും ആഹ്ലാദകരമായിരുന്നു.
ഞാൻ സംവിധാനംചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയിൽ ഉഡു എന്ന കഥാപാത്രത്തിന്റെ ഡയലോഗ് ഡെലിവറിയടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടത് പ്രതാപായിരുന്നു. ആദ്യത്തെ കോവിഡ്തരംഗം വന്ന് ചിത്രീകരണം നിലയ്ക്കുകയും രണ്ടുവർഷം കഴിഞ്ഞ് പുനരാരംഭിക്കുകയുംചെയ്തപ്പോൾ സിനിമയിൽ ഒരുപാട് മാറ്റംവന്നു. ആ സമയത്താണ് പ്രതാപ് പോത്തനുമായി ഒരുപാട് സമയം ചെലവഴിച്ചത്. ഒപ്പമുണ്ടായിരുന്നവരെല്ലാം വിടപറഞ്ഞുപോവുന്നത് ഒരുപാട് ഓർമകൾ ശേഷിപ്പിച്ചാണ്. പ്രതാപ് പോത്തനും അങ്ങനെത്തന്നെ. നന്മയുടെയും സ്നേഹത്തിന്റെയും ആഹ്ലാദത്തിന്റെയും നിറങ്ങളാണ് പ്രതാപ് ശേഷിപ്പിച്ചുപോയ ഓർമകൾക്കുള്ളത്. മനസ്സിൽ അതങ്ങനെത്തന്നെ തുടരട്ടെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..