മോഹൻലാൽ | ഫോട്ടോ: മാതൃഭൂമി
ബറോസ് മലയാള സിനിമയോ ഇന്ത്യൻ സിനിമയോ അല്ലെന്നും ഒരു അന്താരാഷ്ട്ര നിലവാരത്തിൽ എങ്ങനെ കൊണ്ടുവരാം എന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും മോഹൻലാൽ. ഒരുപാട് ഭാഷകളിൽ ഈ സിനിമ ഡബ്ബ് ചെയ്യാം. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും ഇന്ത്യൻ സിനിമ എന്നുള്ള രീതിയിൽ ചെയ്യാൻ പറ്റില്ല. അത്രയും വലിയ സാധ്യതകളാണുള്ളത്. ആ സാധ്യതയെ വിട്ടുകളയാൻ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബറോസ് ഫാന്റസി ത്രീ ഡി ചിത്രമാണ്. എല്ലാവിധ സാധ്യതകളുമുള്ള ചിത്രമാണിത്. പ്രത്യേക ഭാഷയോ കാര്യങ്ങളോ ഒന്നുമില്ല. പീരിയോഡിക് ചിത്രംകൂടിയാണ്. ഇന്ത്യയിൽ ഇങ്ങനെയൊരു വിഷയം ആദ്യമായിട്ടായിരിക്കും വരുന്നത്. കാത്തിരിപ്പിന്റെയും വിശ്വാസത്തിന്റേയുമൊക്കെ സന്ദേശമുള്ള സിനിമയാണ് ബറോസ്. ബറോസിന്റെ വിജയമനുസരിച്ചാണ് ഭാവിയിലെ ചിത്രങ്ങൾ പ്ലാൻ ചെയ്യുക. എന്തായാലും ഒരു വിഷ്വൽ ട്രീറ്റായിരിക്കും ബറോസ്. മോഹൻലാൽ പറഞ്ഞു.
"സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുള്ള ആളൊന്നുമല്ല. സിനിമ സംവിധാനം ചെയ്യാൻ നല്ല അറിവും ദൃഢവിശ്വാസവും വേണം. ത്രീ ഡി ചിത്രമെന്ന് കേട്ടപ്പോഴാണ് അതിലേക്ക് ഒരാകർഷണം വന്നത്. വേറെ പലരുടേയും പേര് പറഞ്ഞിട്ട് അവസാനം സ്വയം ചെയ്തുകൂടേ എന്ന ഉൾവിളി വന്ന സമയമായി. അങ്ങനെ ചെയ്തതാണ്."
മൂന്ന് കോടി പ്രൊഡക്ഷൻ ബജറ്റിൽ നിന്ന് 100 കോടിയിലേക്ക് മലയാള സിനിമ വളർന്നത് പെട്ടന്നല്ല. ഒരുപാടുനാളായി അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മരയ്ക്കാറും ലൂസിഫറുമെല്ലാം വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടു. നമുക്കിനിയും താഴേക്ക് വരാൻ പറ്റില്ല. ഇനിയും മുകളിലേക്കുള്ള സിനിമകളേ ചെയ്യാൻ പറ്റൂ. എലോൺ ഓ.ടി.ടിയിൽ വരുന്നുണ്ട്. മോൺസ്റ്റർ വരുന്നുണ്ട്. കമ്മിറ്റ് ചെയ്തതെല്ലാം വലിയ സിനിമകളാണ്. ഒരുപാട് സാധ്യതകൾ മുന്നിൽക്കണ്ടാണ് ദുബായിൽ ആശീർവാദിന്റെ ഓഫീസ് തുടങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു..
Content Highlights: mohanlal about empuraan barroz and alone, mohanlal direction, mohanlal about aashirvad cinemas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..