ഇന്ദ്രന്‍സ്, ബാലു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയുടെ റിലീസ് തിയ്യതി നീട്ടി. ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് പതിനഞ്ചിന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കേരളം മുഴുവന്‍ പ്രളയത്തിൽ തളര്‍ന്നു നില്ക്കുന്ന ഈ വേളയില്‍ ചിത്രവുമായെത്തുന്നില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്.
'നാടു മുഴുവന്‍ സങ്കടപ്പെട്ട് നില്ക്കുമ്പോള് നിങ്ങളുടെ കൂടെ നില്‍ക്കാനാണ് ഞങ്ങള്‍ക്കാഗ്രഹം. എല്ലാരിലും മനസ്സ് നിറയെ സന്തോഷമുണ്ടാകുമ്പോഴാണ് കൂടെ യാത്ര ചെയ്യുമ്പോള്‍ മൊഹബ്ബത്തിന്‍ മൊഞ്ച് കൂടുക.. ഈ 15ന് വരാനിരുന്ന ഞാന്‍ മൊഹബ്ബത്തുമായി വേറെ ഒരു ദിവസം വരാം മൊഹബ്ബത്തോടെ.. കുഞ്ഞബ്ദുള്ള..' കുറിപ്പില്‍ പറയുന്നു.
മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാടുവിട്ട് മുംബൈയിലെ ബീവണ്ടി എന്ന സ്ഥലത്തേക്ക് ജോലി തേടിയെത്തിയ അബ്ദുള്ള അമ്പത് വര്‍ഷത്തിന് ശേഷം, തന്റെ 65-ാം വയസില്‍ സ്വന്തം നാട്ടിലേക്ക് അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് വരുന്നു. അവരെ തേടി കേരളം മുഴുവന്‍ അബ്ദുള്ള നടത്തുന്ന യാത്രയാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രം പറയുന്നത്.
രഞ്ജി പണിക്കര്‍, ലാല്‍ ജോസ്, പ്രേംകുമാര്‍, കൊച്ചു പ്രേമന്, ശ്രീജിത്ത് രവി, ഇടവേള ബാബു, രചന നാരായണന്‍കുട്ടി, മാല പാര്‍വതി, അഞ്ജലി നായര്‍, നന്ദന വര്‍മ, അനു ജോസഫ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം-അന്‍സൂര്‍, ഗാനരചന: പി.കെ ഗോപി, ബാപ്പു വെള്ളിപ്പറമ്പ്, ഷാജഹാന് ഒരുമനയൂര്‍. സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്, സാജന്.കെ.റാം.
Content Highlights : Mohabathin Kunjabdulla movie Indrans Balu Varghese rlease date postponed