മിഷൻ സിയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com|vinodguruvayoor|
ഒരു സിനിമയുടെ ബീജം എന്നത് തീർച്ചയായും അതിന്റെ കഥയാണ്. അത് വളർന്ന് പല ഘട്ടങ്ങളിലൂടെ സഞ്ചരിച്ചാണ് വെള്ളിത്തിരയിലെത്തുന്നത്. പല കലാകാരന്മാരുടേയും ബുദ്ധിയും ശക്തിയും ഉപയോഗിച്ച് ഒരു തലത്തിൽ നിന്നും മറ്റൊരു തലത്തിലേക്ക് നീങ്ങി ഒടുവിൽ വെള്ളിത്തിരയും പിന്നിട്ട് നമ്മുടെ സ്വീകരണമുറിയിലും ഈ മഹത്തായ കലാരൂപം എത്തിച്ചേരുന്നു. ആഴ്ചകളും മാസങ്ങളും ചിലപ്പോൾ വർഷങ്ങളും എടുത്താണ് കഥ തയ്യാറാവുന്നത്.
കഥ, തിരക്കഥ, സംഭാഷണം എന്നിവ ചിട്ടപ്പെടുത്തുന്നതിൽ ഓരോ എഴുത്തുകാരും വ്യത്യസ്ത രീതികളാണ് പിൻതുടരാറ്. പ്രതിഭാശാലികളായ തിരക്കഥാകൃത്തുക്കളിൽ കഥയും രസകരമായ മുഹൂർത്തങ്ങളും മനസ്സിൽ ക്ഷണനേരം കൊണ്ട് അടിത്തറകെട്ടും. അത് കടലാസിലേക്ക് പകർത്തുക മാത്രമേ വേണ്ടതുള്ളൂ. എന്നാൽ ഒരു തുണ്ടു കടലാസുപോലും ഇല്ലാതെ ഒരു വരിപോലും എഴുതാതെ നമ്മുടെ മലയാളത്തിൽ ഒരു സിനിമാ ഷൂട്ടിംഗ് നടന്നു. മാത്രമല്ല അത് വിജയകരമായി ചിത്രീകരണം പൂർത്തിയാക്കി വെള്ളിത്തിരയിലും നീ സ്ട്രീമിലൂടെ നമ്മുടെ സ്വീകരണ മുറിയിലും എത്തി. ആ ചിത്രമാണ് വിനോദ് ഗുരുവായൂർ ഒരുക്കിയ മിഷൻ സി.
സംവിധായകൻ വിനോദ് ഗുരുവായൂർ നിർമ്മാതാവായ മുല്ല ഷാജിയുമായി സിനിമയുടെ ആശയം ചർച്ചചെയ്യുന്നു. ആശയം ഇഷ്ടമായ മുല്ലഷാജി അത് എഴുതി തയ്യാറാക്കാൻ എത്ര സമയം ആവശ്യമാണെന്ന് ആരായുന്നു. ഒരുപാട് കടലാസു കൂട്ടങ്ങൾ ആവശ്യമില്ല, ത്രില്ലർ സ്വഭാവമുള്ള ആക്ഷൻ സിനിമയായതിനാൽ സംഭാഷണങ്ങൾക്ക് വലിയ പ്രാധാന്യമില്ലെന്നും സംവിധായകന്റെ മറുപടി. അവിടെ മിഷൻ സി എന്ന സിനിമ ഒരു വരിപോലും എഴുതാതെ ഉദയം ചെയ്യുകയായിരുന്നു.
മിഷൻ സി എന്ന സിനിമ നാം എങ്ങനെ കാണുന്നുവോ അതേ രൂപത്തിൽ തന്നെയാണ് ചിത്രീകരണവും നടന്നത്. സൗകര്യാനുസരണം സീനുകൾ ക്രമം തെറ്റിച്ച് എടുക്കുക എന്ന രീതിയും ഇതിന്റെ തുടക്കം മുതൽ അവസാനം വരെ സ്വീകരിച്ചിട്ടില്ല. മനസ്സിലുള്ള ആശയം സംവിധായകൻ അഭ്രപാളിയിലേക്ക് നേരെ പകർത്തുകയായിരുന്നു.
സിനിമ എന്നത് ദൃശ്യങ്ങളിലൂടെ പ്രേക്ഷക മനസ്സിലേക്ക് കുടിയേറണം എന്നതായിരുന്നു സംവിധായകന്റെ പക്ഷം. ആകയാൽ സംഭാഷണങ്ങൾ കഴിയുന്നത്ര കുറച്ച് ദൃശ്യങ്ങൾക്ക് പ്രാധാന്യം നൽകി. ചില ഭാവങ്ങൾ കണ്ണുകളുടെ ചലനങ്ങൾ എന്നിവപോലും വലിയ ആശയം കൈമാറും എന്നായിരുന്നു സംവിധായകന്റെ കാഴ്ചപ്പാട്. ആ ദീർഘവീക്ഷണം ശരിയായിരുന്നു എന്ന് കാലം തെളിയിക്കുകയായിരുന്നു.
ജയൻ, പ്രേം നസീർ തുടങ്ങിയ നായകന്മാർ മുതൽ പുതുതലമുറയിലെ ചെറുപ്പക്കാരെ വരെ ഉൾപ്പെടുത്തി കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തി ഹിറ്റുകൾ മാത്രം സൃഷ്ടിച്ച ജോഷിയും, കടൽ കാണാതെ മരയ്ക്കാർ: അറബിക്കടലിന്റെ സിംഹമൊരുക്കിയ പ്രിയദർശനും, ഒരു തുണ്ടു കടലാസുപോലും എഴുതാതെ ഒരു മുഴുനീള ആക്ഷൻ സിനിമ ഒരുക്കിയ സംവിധായകൻ വിനോദ് ഗുരുവായൂരും മലയാളികളായതിൽ നമുക്ക് അഭിമാനിക്കാം.
Content Highlights: mission c malayalam movie, vinod guruvayoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..