ടൊവിനോ തോമസ്, കെ.എസ് പ്രതാപൻ ചിത്രീകരണ വേളയിൽ
മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മിന്നൽ മുരളി. മലയാളത്തിന്റെ സ്വന്തം സൂപ്പർഹീറോ എന്ന വിശേഷണവുമായെത്തിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധ നേടി. ഇപ്പോഴിതാ മിന്നൽ മുരളി ഷൂട്ടിങ്ങ് അനുഭവങ്ങൾ പങ്കുവച്ച കെ.എസ് പ്രതാപൻ എന്ന നടന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. ചിത്രത്തിൽ ചായക്കട നടത്തുന്ന പൈലി എന്ന കഥാപാത്രത്തെയാണ് പ്രതാപൻ അവതരിപ്പിച്ചത്.
സിനിമയുടെ ക്ലൈമാക്സില്‍ വില്ലന്‍ കഥാപാത്രമായ ഷിബു പ്രതാപന് അവതരിപ്പിക്കുന്ന പൈലിയെയും അഗ്നിക്കിരയാക്കുന്നുണ്ട്. ഈ രംഗത്തില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച പ്രതാപന് അതിനുവേണ്ടിയെടുത്ത മുന്നൊരുക്കങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറയുകയാണ്. സ്റ്റണ്ട് മാസ്റ്റര്‍ സുപ്രീം സുന്ദറിന്റെയും സംവിധായകൻ ബേസിൽ ജോസഫിന്റെയും പിന്തുണയിലാണ് വെല്ലുവിളി നിറഞ്ഞ ഈ രംഗം അഭിനയിച്ച് തീർത്തതെന്ന് പ്രതാപൻ പറയുന്നു
കെ.എസ്. പ്രതാപപൻ പങ്കുവച്ച കുറിപ്പ്
മിന്നൽ മുരളി... ഏറെ സന്തോഷം... സിനിമയിൽ ഈ തയാറെടുപ്പ് എടുത്ത് ചെയ്തത് ഒരഞ്ച് നിമിഷം ഇല്ല, പക്ഷേ ഒരു കാര്യം ചെയ്തു എന്ന തോന്നിയ നിമിഷമായിരുന്നു. കർണാടകയിലെഒരു വിദൂര ഗ്രാമത്തിൽ സെറ്റിട്ട് , ഷിബു നാട് മുഴുവൻ കത്തിച്ച് താണ്ഡവമാടുമ്പോൾ എന്റെ പൈലിയേയും കത്തിക്കുന്നുണ്ട്. അതെടുക്കാനായിരുന്നു ഈ തയാറെടുപ്പ്.
എനിക്കും തീപിടിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞത് ലൊക്കേഷനിൽ എത്തി അവസാന നിമിഷമാണ്. സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദർ, പഴയ പരിചയം പുതുക്കിയിട്ട് (അജഗജാന്തരത്തിൽ വച്ച് പരിചയപെട്ടിരുന്നു ) പറഞ്ഞു, ഡ്യൂപ്പില്ലാതെ ചെയ്യണമെന്ന്. അതായത് ഞാൻ നിന്ന് കത്തണമെന്ന്. പറഞ്ഞ ആ നിമിഷം ഞാൻ ഒന്ന് ഞെട്ടി. അസ്ഥി തുളക്കും പോലെ ഉള്ള ആ തണുപ്പിൽ ഞാൻ ഒന്ന് വിയർത്തു. ഞാൻ തീരുമാനം അറിയിക്കാൻ രണ്ട് മിനിറ്റ് ചോദിച്ചു. ആ പാതിരാത്രി വീട്ടിലേക്ക് ഭാര്യ സന്ധ്യയെ വിളിച്ച് കാര്യം പറഞ്ഞു. ശരീരത്ത് അവിടെവിടെയായ് തീപ്പിടിപ്പിക്കണമെന്നാണ് ആലോചന. സന്ധ്യ ശകലം ആലോചിച്ചു എന്നിട്ട് പറഞ്ഞു. ‘ചരിത്ര പുസ്തകത്തിലേക്ക് ഒരേട് എന്ന നാടകത്തിൽ നിങ്ങൾ സ്വന്തം തലയിൽ തീകത്തിച്ച് കാപ്പി വച്ച ആളല്ലെ ? എല്ലാ സുരക്ഷിതത്വവും ഉണ്ട് എന്ന് തോന്നിയാൽ അങ്ങട്ട് ചെയ്യ്’ ... ഫോൺ വച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല സംവിധായകൻ ബേസിൽ , നടന്റെ തീരുമാനം എന്ന ശരീരഭാഷയിൽ എന്നെ ഒന്ന് നോക്കി തീരുമാനത്തിന് കാത്തു. അസോസിയേറ്റ് ഡയറക്റ്റർ ശിവപ്രസാദ് എപ്പോഴും മുഖത്തുള്ള ചിരിയുമായ് എന്നെ നോക്കുന്നു. യൂ റ്റു ബ്രൂട്ടസ് എന്ന പ്രശസ്തമായ ഡയലോഗ് ഞാൻ ശിവനെ നോക്കി മനസിൽ പറഞ്ഞു. ഒന്ന് ശ്വാസമെടുത്ത് സ്റ്റണ്ട് മാസ്റ്ററോട്(സുപ്രീം സുന്ദർ) ചോദിച്ചു. എത്ര ശതമാനം എന്റെ ശരീരത്തിന് ഗാരണ്ടി ? മാസ്റ്റർ പറഞ്ഞു ഇരുന്നൂറ് ശതമാനം. ഞാൻ ചെയ്യാം.
പിന്നെ ഒരുക്കം ശരീരം മുഴുവൻ തുണി ചുറ്റി ആ കൊടുംതണുപ്പത്ത് സുരക്ഷയ്ക്ക് വേണ്ടി തുണിക്കുള്ളിലേക്ക് ശരീരത്തിലേക്ക് കുപ്പിക്കണക്കിന്സോഡ ഒഴിച്ച് കൊണ്ടേയിരുന്നു. തണുത്ത് വിറങ്ങലിച്ച ഞാൻ അസിസ്റ്റൻഡ് ഡയറക്റ്റർ റീസ് തോമസിനോട് ധൈര്യത്തിനും തണുപ്പിനെ പ്രധിരോധിക്കാനും ഒരു രണ്ട് പെഗ് എവിടുന്നെങ്കിലും ഒപ്പിക്കടാന്ന് പറഞ്ഞ്. റീസ്, വോക്കിയിലൂടെ എന്റെ ആവശ്യം പറയുന്നത് ഞാൻ കേട്ടു. പക്ഷേ പല വോക്കിയിൽ നിന്നും "പ്രതാപേട്ടൻ പെഗ് ചോദിക്കുന്നുണ്ടേ" എന്ന സന്ദേശം തലങ്ങും വിലങ്ങും പായുന്നത് ഞാൻ കേട്ടു. പക്ഷേ ആ പെഗ് എന്നെ തേടി വന്നതേയില്ല. ഒടുവിൽ ഒരുക്കം പൂർത്തിയായ തണുത്ത് വിറച്ച് ക്യാമറയുടെ മുൻപിലേക്ക് ആദ്യം ഒരു റിഹേഴ്സൽ.
രണ്ടാമത്തെ ടേക്കിന് ഒക്കെയായപ്പോൾ. ചുറ്റും നിന്നവർ കയ്യടിച്ചു. സിനിമയിൽ ആ സീൻ എത്ര സമയം ഉണ്ട് എന്ന് ഞാൻ വേവലാതിപ്പെടുന്നേയില്ല. ഞാൻ ഒരു സിനിമാക്കാരനാണ് എന്ന് കരുതുന്നേയില്ല, പക്ഷേ വിജയിച്ച നാടകക്കാരനാണ്. നാടകമാണ് എനിക്ക് സിനിമ തന്നത്. പിന്നീട് ഇതറിഞ്ഞ സുഹൃത്തുക്കൾ അത് വേണ്ടായിരുന്നു എന്ന് പറഞ്ഞു. പക്ഷേ ഒരോ വിജയത്തിന് പിന്നിലും ഒരു റിസ്ക്ക് എലമെന്റുണ്ടാകും എന്ന് ഞാൻ മനസിലാക്കുന്നു. എവറസ്റ്റ് അവിടെ ഉള്ളത് കൊണ്ടാണ് ഓരോ ദുർബലരായ മനുഷ്യനും അത് കയറി കൊടി നാട്ടുന്നത്, അയാൾ ആത്മവിശ്വാസിയായ് മാറുന്നത്. മിന്നൽ മുരളി ഞങ്ങൾക്കെല്ലാർക്കും അതാണ് തന്നത്. ആത്മവിശ്വാസം, ഊർജം, ധൈര്യം. ഒരു മിന്നൽ ഓരോ മനുഷ്യനും ഏൽക്കട്ടെ..
Content Highlights : Minnal Murali Tovino Thomas Basil joseph Minnal Murali Movie actor KS prathapan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..